ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ നാലാം മത്സരത്തിന് മുമ്പായി വമ്പന്‍ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ജയിക്കുമെന്ന പ്രവചനമാണ് താരം നടത്തിയത്.
ഇതിന് മുമ്പ് താന്‍ നടത്തിയ മൂന്ന് പ്രവചനങ്ങളില്‍ രണ്ടെണ്ണം തെറ്റിയെന്നും എന്നാല്‍ ഇത് എന്തായാലും ശരിയാവുമെന്നും ചോപ്ര പറയുന്നു. ഇന്ത്യയുടെ മൂന്ന് മത്സരത്തിന് മുമ്പും ഇന്ത്യ ജയിക്കുമെന്ന പ്രവചനവുമായി താരം രംഗത്തെത്തിയിരുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇന്ത്യ ജയിക്കുമെന്ന് പറഞ്ഞത്.
‘ഇത്തവണ ഞാന്‍ പറയുന്നത് ഇന്ത്യ ജയിക്കുമെന്നാണ്. ഇതുവരെ ഞാന്‍ നടത്തിയ മൂന്ന് പ്രവചനങ്ങളില്‍ രണ്ടെണ്ണം തെറ്റുകയും ഒന്ന് ശരിയാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഞാന്‍ പറയുന്നത് ഇന്ത്യ ജയിക്കുമെന്നാണ്, നമുക്ക് അങ്ങനെ തന്നെ പ്രത്യാശിക്കാം,’ ചോപ്ര പറയുന്നു.
ബാറ്റര്‍മാര്‍ മികച്ച പ്രകടനമാകും കാഴ്ചവെക്കുകയെന്നും അദ്ദേഹം പറഞ്ഞു.
‘അയ്യരും ഋതുരാജും ചേര്‍ന്ന് 60 റണ്‍സിലധികം നേടും. എനിക്ക് തോന്നുന്നത് അയ്യര്‍ മാത്രം 60 റണ്‍സ് നേടുമെന്നാണ്. ഋതുരാജ് ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ശ്രേയസ് ഇപ്പോള്‍ കളിക്കുന്ന രീതി വെച്ച് നോക്കുകയാണെങ്കില്‍ 40-50 റണ്‍സ് എന്തായാലും നേടും,’ ചോപ്ര പറയുന്നു.
ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ നാലാം മത്സരമാണ് രാജ്‌കോട്ടില്‍ വെച്ച് നടക്കുന്നത്. പരമ്പരയില്‍ നിലനില്‍ക്കണമെങ്കില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ 2-2 എന്ന നിലയില്‍ പ്രോട്ടീസിന് ഒപ്പമെത്താനും പരമ്പര വാശിയേറിയ അവസാന മത്സരത്തിലേക്കെത്തിക്കാനും സാധിക്കും.
ബൗളര്‍മാര്‍ ഫോമിലേക്ക് മടങ്ങിവന്നതാണ് ഇന്ത്യക്ക് ഏറെ ആശ്വാസമാവുന്നത്. കഴിഞ്ഞ മത്സരത്തില്‍ ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.
പേസര്‍മാരും സ്പിന്നര്‍മാരും ഇന്ത്യന്‍ നിരയില്‍ ഒരുപോലെ തിളങ്ങുന്നുണ്ട്. ഹര്‍ഷല്‍ പട്ടേലും യൂസ്വേന്ദ്ര ചഹലുമാണ് ഇന്ത്യയുടെ ബൗളിംഗ് കരുത്ത്.