| Wednesday, 15th February 2023, 7:33 pm

പൂജാരയുടെ ബാറ്റിങ് കണ്ടാല്‍ നിങ്ങള്‍ക്കത് കിട്ടില്ല, അതിന് നിങ്ങള്‍ പോയി പത്താന്‍ സിനിമ കാണണം: മുന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ്ങിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. എല്ലാവര്‍ക്കും പൂജാരയുടെ ബാറ്റിങ് ശൈലി ഇഷ്ടപ്പെടണമെന്നില്ലെന്നും എന്നാല്‍ അവന്‍ വളരെ മികച്ച ബാറ്ററാണെന്നും ചോപ്ര പറഞ്ഞു.

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ പശ്ചാത്തലത്തിലായിരുന്നു ആകാശ് ചോപ്രയുടെ പരാമര്‍ശം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം പൂജാരയുടെ കരിയറിലെ നൂറാം ടെസ്റ്റാണ്.

‘എല്ലാവര്‍ക്കും അവനെ ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. പലര്‍ക്കും അവന്റെ ബാറ്റിങ് എന്റര്‍ടെയ്‌നിങ്ങായി തോന്നണമെന്നില്ല. നിങ്ങള്‍ക്ക് എന്റര്‍ടെയ്ന്‍മെന്റാണ് വേണ്ടതെങ്കില്‍ പോയി പത്താന്‍ സിനിമ കാണുക. വിരസമായ റണ്ണുകള്‍ പോലും ചില സമയങ്ങളില്‍ ഏറെ പ്രധാനമാണ്,’ ചോപ്ര പറഞ്ഞു.

ചേതേശ്വര്‍ പൂജാര നൂറാം ടെസ്റ്റ് കളിക്കുന്ന 13ാമത് മാത്രം താരമാണെന്നും അദ്ദേഹം ഇനിയും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും ചോപ്ര പറഞ്ഞു.

‘അവനെ രാഹുല്‍ ദ്രാവിഡുമായാണ് താരതമ്യം ചെയ്യുന്നത്. 13 ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഇതുവരെ 100 ടെസ്റ്റ് കളിച്ചത്. ഇപ്പോള്‍ കളിക്കുന്നവരില്‍ വിരാട് മാത്രമാണ് ആ നേട്ടം സ്വന്തമാക്കിയത്. പൂജാര ഇനിയും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ താരമാണ് ചേതേശ്വര്‍ പൂജാര. നിലവില്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്ന് വിളിക്കാന്‍ സാധിക്കുന്നതും അദ്ദേഹത്തെ മാത്രമാണ്.

തന്റെ ടെസ്റ്റ് കരിയറില്‍ നിന്നും 44.15 ശരാശരിയില്‍ 7,021 റണ്‍സാണ് അദ്ദേഹം നേരിയിരിക്കുന്നത്.

ഫെബ്രുവരി 17നാണ് പരമ്പരയിലെ രണ്ടാം മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.

നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച മാര്‍ജിനില്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്നിങ്‌സിനും 132 റണ്‍സുമായിരുന്നു ഇന്ത്യയുടെ വിജയം. ഇതേ പ്രകടനം തന്നെ ദല്‍ഹിയിലും ആവര്‍ത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

Content Highlight: Former Indian star Akash Chopra praises Cheteshwar Pujara
We use cookies to give you the best possible experience. Learn more