ഐ.പി.എല്‍ 2022ല്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് പോരാട്ടത്തിനിറങ്ങും മുമ്പേ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സഞ്ജു തന്റെ കളി രീതികള്‍ മാറ്റണമെന്നും ഇപ്പോഴുള്ള രീതിയില്‍ കളിക്കരുതെന്നുമാണ് ആകാശ് ചോപ്ര പറയുന്നത്.
എല്ലാ പന്തുകളേയും ആക്രമിച്ചു കളിക്കുന്ന താരത്തിന്റെ സ്വാഭാവിക കളിരീതിയയെയാണ് ആകാശ് ചോപ്ര കുറ്റപ്പെടുത്തുന്നത്. നേരിടുന്ന എല്ലാ പന്തുകളും അടിച്ചുകളിക്കാന്‍ ശ്രമിക്കരുതെന്നും ക്രീസില്‍ കൂടുതല്‍ സമയം നില്‍ക്കണമെന്നും ചോപ്ര പറയുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന്റെ പ്രീവ്യൂയിനിടെയാണ് ആകാശ് ചോപ്ര ഇക്കാര്യം പറയുന്നത്.
‘കഴിഞ്ഞ തവണ അവനിവിടെ കളിച്ചപ്പോള്‍ എല്ലാ പന്തും ബൗണ്ടറി കടത്താനായിരുന്നു അവന്‍ ശ്രമിച്ചിരുന്നത്. എല്ലാ തവണയും ഇത് സക്‌സസാവണമെന്നില്ല എന്നതാണ് ഇതിന്റെ പ്രശ്‌നം.
എല്ലാ പന്തും ഫോറും സിക്‌സറും അടിക്കാനൊരുമ്പെട്ടാല്‍ ഔട്ടാവാനുള്ള സാധ്യതയും കൂടുതലാണ്. അവന്‍ കൂടുതല്‍ സമയം നിന്ന് കളിക്കാനാണ് ശ്രമിക്കേണ്ടത്,’ അദ്ദേഹം പറയുന്നു.
കഴിഞ്ഞ തവണ (മെയ് 15) ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായായിരുന്നു രാജസ്ഥാന്‍ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ കളിച്ചത്. അന്ന് 24 പന്തില്‍ നിന്നും 32 റണ്‍സടിച്ചാണ് സഞ്ജു പുറത്തായത്.
ഹെറ്റ്‌മെയര്‍ ടീമില്‍ തിരിച്ചെത്തിയതിന് പിന്നാലെ സഞ്ജു ബാറ്റിംഗ് ഓര്‍ഡിറിനെ കുറിച്ച് കഷ്ടപ്പെട്ട് ചിന്തിക്കേണ്ടതില്ലെന്നും, വണ്‍ഡൗണായി തന്നെ ഇറങ്ങാനുമാണ് ചോപ്ര പറയുന്നത്.
‘ഹെറ്റ്‌മെയര്‍ ഇല്ലാത്തപ്പോള്‍ മൂന്നാമതിറങ്ങുന്നതിന് പകരം ഒരിക്കലവന്‍ അഞ്ചാമനായി ഇറങ്ങിയിരുന്നു. എന്നാല്‍ ഹെറ്റ്‌മെയര്‍ ടീമിലുള്ളപ്പോള്‍ സഞ്ജു തന്റെ ബാറ്റിംഗ് ഓര്‍ഡറിനെ കുറിച്ചൊന്നും ചിന്തിക്കേണ്ടതില്ല,’ ചോപ്ര പറയുന്നു.
നേരത്തേയും സഞ്ജു സാംസണെതിരെ ആകാശ് ചോപ്രയടക്കമുള്ള മുന്‍ താരങ്ങള്‍ വിമര്‍ശനമുന്നിയിച്ചിരുന്നു.
നിലവില്‍, 13 മത്സരത്തില്‍ നിന്നും 153.42 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 359 റണ്‍സാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. രണ്ട് തവണ അര്‍ധ സെഞ്ച്വറിയും സഞ്ജു സീസണില്‍ സ്വന്തമാക്കിയിട്ടുണ്ട്.
ചെന്നൈയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ വിജയിച്ച് ആധികാരികമായി തന്നെ പ്ലേ ഓഫില്‍ പ്രവേശിക്കാനാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാര്‍ക്കെതിരെ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ലഖനൗ സൂപ്പര്‍ ജയന്റിസിനെ മറികടന്ന് പോയിന്റ് ടേബിളില്‍ രണ്ടാമതെത്താനും ക്വാളിഫയര്‍ ഉറപ്പിക്കാനും സാധിക്കും.
Content Highlight: Former Indian star Akash Chopra criticizes Rajasthan Royals skipper Sanju Samson