| Friday, 11th November 2022, 3:45 pm

റണ്ണടിച്ചിട്ടും സ്‌കോര്‍ ഉയര്‍ത്തിയിട്ടും വിമര്‍ശനം മാത്രം; തോല്‍വിക്ക് പിന്നാലെ വിരാടിനെതിരെ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തില്‍ തോറ്റ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായിരുന്നു. നാല് ഓവറും പത്ത് വിക്കറ്റും ബാക്കി നില്‍ക്കവെയായിരുന്നു ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നത്.

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബട്‌ലറിന്റെ തീരുമാനം ശരിവെക്കുന്ന പ്രകട
നമായിരുന്നു ഇംഗ്ലീഷ് ബൗളര്‍മാര്‍ പുറത്തെടുത്തത്.

ഇന്ത്യന്‍ സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കവെ അഞ്ച് പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി കെ.എല്‍. രാഹുലും ടീം സ്‌കോര്‍ 56ല്‍ നില്‍ക്കവെ 28 പന്തില്‍ നിന്നും 27 റണ്‍സുമായി രോഹിത് ശര്‍മയും പുറത്തായി.

മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്‌ലിയാണ് റണ്‍സ് നേടാന്‍ ആരംഭിച്ചത്. ശേഷം അഞ്ചാമനായി ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

ടൂര്‍ണമെന്റില്‍ തന്റെ നാലാമത് അര്‍ധ സെഞ്ച്വറിയായിരുന്നു വിരാട് നേടിയത്. 40 പന്തില്‍ നിന്നും 50 റണ്‍സെടുത്ത് നില്‍ക്കവെ ക്രിസ് ജോര്‍ദന്റെ പന്തില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കിയായിരുന്നു വിരാടിന്റെ മടക്കം.

ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ രോഹിത് ശര്‍മക്കെതിരെയും കെ.എല്‍. രാഹുലിനെതിരെയും വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ വിരാട് കോഹ്‌ലിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഇന്നിങ്‌സിന്റെ ആദ്യ ഘട്ടത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കാതെയുള്ള താരത്തിന്റെ മെല്ലെപ്പോക്കിനെയായിരുന്നു ആകാശ് ചോപ്ര വിമര്‍ശിച്ചത്.

വിരാടിന്റെ പേര് പരാമര്‍ശിക്കാതെ ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിമര്‍ശനം. കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സാധിക്കുമെന്നും എന്നാല്‍ ജെറ്റ് വിമാനങ്ങള്‍ അങ്ങനെയല്ല എന്നുമായിരുന്നു ചോപ്രയുടെ വിമര്‍ശനം.

കഴിഞ്ഞ മത്സരത്തിലെ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ 4000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോഡും വിരാടിനെ തേടിയെത്തിയിരുന്നു. എന്നാല്‍ വിരാടിന്റെ റെക്കോഡ് നേട്ടത്തില്‍ സന്തോഷിക്കാനാവാത്ത അവസ്ഥയിലായിരുന്നു വമ്പന്‍ തോല്‍വിക്ക് പിന്നാലെ ആരാധകര്‍.

സെമിയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ടാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ത്രീ ലയണ്‍സിനെ വിജയത്തിലേക്കെത്തിച്ചത്. 80 റണ്‍സുമായി ക്യാപ്റ്റന്‍ ജോസ് ബട്‌ലറും 86 റണ്‍സുമായി അലക്‌സ് ഹേല്‍സുമാണ് ഇംഗ്ലണ്ടിനായി കത്തിക്കയറിയത്.

നവംബര്‍ 13നാണ് ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ഫൈനല്‍ മത്സരം നടക്കുന്നത്. ചരിത്രപ്രസിദ്ധമായ മെല്‍ബണാണ് വേദി.

Content highlight: Former Indian star Akash Chopra criticize Virat Kohli

Latest Stories

We use cookies to give you the best possible experience. Learn more