കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തില്‍ തോറ്റ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായിരുന്നു. നാല് ഓവറും പത്ത് വിക്കറ്റും ബാക്കി നില്‍ക്കവെയായിരുന്നു ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നത്.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബട്‌ലറിന്റെ തീരുമാനം ശരിവെക്കുന്ന പ്രകട
നമായിരുന്നു ഇംഗ്ലീഷ് ബൗളര്‍മാര്‍ പുറത്തെടുത്തത്.
ഇന്ത്യന്‍ സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കവെ അഞ്ച് പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി കെ.എല്‍. രാഹുലും ടീം സ്‌കോര്‍ 56ല്‍ നില്‍ക്കവെ 28 പന്തില്‍ നിന്നും 27 റണ്‍സുമായി രോഹിത് ശര്‍മയും പുറത്തായി.
മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്‌ലിയാണ് റണ്‍സ് നേടാന്‍ ആരംഭിച്ചത്. ശേഷം അഞ്ചാമനായി ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ മത്സരത്തിലെ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ 4000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോഡും വിരാടിനെ തേടിയെത്തിയിരുന്നു. എന്നാല്‍ വിരാടിന്റെ റെക്കോഡ് നേട്ടത്തില്‍ സന്തോഷിക്കാനാവാത്ത അവസ്ഥയിലായിരുന്നു വമ്പന്‍ തോല്‍വിക്ക് പിന്നാലെ ആരാധകര്‍.