സിങ് ബെയ്ല്‍സ് താഴെ വീണില്ലെങ്കിലും ലൈറ്റ് കത്തിയാല്‍ അത് ഔട്ടായി പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഇപ്പോള്‍ ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന സിങ് ബെയ്ല്‍സുകള്‍ (Zing Bails) വെറും തമാശയായി മാറിയെന്നും താരം പറഞ്ഞു.
കഴിഞ്ഞ ദിവസം ആരംഭിച്ച ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയില്‍ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചോപ്രയുടെ വിമര്‍ശനം. മത്സരത്തില്‍ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ പുറത്താവലിന്റെ വക്കില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
പന്ത് വിക്കറ്റില്‍ കൊണ്ടെങ്കിലും വിക്കറ്റ് ലൈറ്റ് ചെയ്‌തെങ്കിലും ബെയ്ല്‍സ് താഴെ വീണിരുന്നില്ല. ക്രിക്കറ്റ് നിയമപ്രകാരം ബെയ്ല്‍സ് താഴെ വീണാല്‍ മാത്രമേ അതിനെ ഔട്ടായി പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ.
ഇന്ത്യന്‍ ഇന്നിങ്സിന്റെ 84ാം ഓവറിലായിരുന്നു സംഭവം. പേസര്‍ എദാബോത് ഹുസൈന്‍ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് വിക്കറ്റില്‍ കൊള്ളുകയും എ.ഇ.ഡികള്‍ തെളിയുകയും ചെയ്തിരുന്നു. എന്നാല്‍ ബെയ്ല്‍സ് വീണിരുന്നില്ല.
വിക്കറ്റ് വീഴാത്തത് ബംഗ്ലാദേശ് ടീമിന് ഏറെ അമ്പരപ്പുണ്ടാക്കിയിരുന്നു. അവര്‍ അമ്പയറിനൊപ്പം ചെന്ന് വിക്കറ്റ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മാറിയിരുന്ന് പുഞ്ചിരിയോടെ നോക്കുക മാത്രമാണ് ചേതേശ്വര്‍ പൂജാരയും ശ്രേയസ് അയ്യരും ചെയ്തത്.
ടീം സ്‌കോര്‍ 260ലും ശ്രേയസ് അയ്യരിന്റെ വ്യക്തിഗത സ്‌കോര്‍ 78ലും നില്‍ക്കവെയാണ് സംഭവമുണ്ടായത്.
ഇതിന് പിന്നാലെയാണ് ആകാശ് ചോപ്ര രംഗത്തെത്തിയത്.
ക്രിക്കറ്റില്‍ ഇപ്പോള്‍ സിങ് ബെയ്ല്‍സാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. ഇളക്കം തട്ടിയാല്‍ ബെയ്ല്‍സിലെ എല്‍.ഇ.ഡി ലൈറ്റുകള്‍ തെളിയുന്നതാണ് ഇത്തരം ബെയ്ല്‍സിന്റെയും വിക്കറ്റിന്റെയും പ്രത്യേകത.
എന്നാല്‍ ഉള്ളില്‍ ലൈറ്റുകള്‍ വന്നതോടെ ബെയ്ല്‍സിന്റെ ഭാരം കൂടിയെന്നും അതിനാല്‍ തന്നെ പന്ത് വിക്കറ്റില്‍ ചെറുതായി തട്ടുന്ന സാഹചര്യത്തില്‍ ബെയ്ല്‍സ് താഴെ വീഴാറില്ലെന്നും നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് ചോപ്രയും രംഗത്തെത്തിയത്.
അതേസമയം, രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ താരതമ്യേന മികച്ച സ്‌കോറാണ് ഇന്ത്യക്കുള്ളത്. രണ്ടാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ശ്രേയസ് അയ്യരിനെ നഷ്ടപ്പെട്ട ഇന്ത്യ തകര്‍ന്നടിയുമെന്ന് തോന്നിച്ചെങ്കിലും ആര്‍. അശ്വിന്‍ തന്റെ അനുഭവ സമ്പത്ത് പുറത്തെടുത്തതോടെ കളി മാറി.
81 പന്തില്‍ നിന്നും 40 റണ്‍സാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഒപ്പം 76 പന്തില്‍ നിന്നും 21 റണ്‍സുമായി കുല്‍ദീപ് യാദവ് അശ്വിന് മികച്ച പിന്തുണ നല്‍കുന്നുണ്ട്.
ടീം സ്‌കോര്‍ 293ല്‍ നില്‍ക്കവെയായിരുന്നു 86 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ പുറത്താകുന്നത്. നേരത്തെ താരത്തിന് ലൈഫ് ലഭിച്ചപ്പോള്‍ പന്തെറിഞ്ഞ എദാബോത് ഹുസൈന്‍ ഇത്തവണ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
നിലവില്‍ 120 ഓവറില്‍ 348ന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.
Content highlight: Former Indian star Akash Chopra against Zing Bails