| Thursday, 12th May 2022, 9:10 pm

റെയ്‌നയോട് ചെയ്തതു തന്നെ അവര്‍ ജഡേജയോടും ചെയ്യുന്നു, അണിയറയില്‍ നടക്കുന്നതൊന്നും പുറത്തറിയുന്നില്ല; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കടന്നാക്രമിച്ച് മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കിന് പിന്നാലെ ടീമില്‍ നിന്നും പുറത്തായ രവീന്ദ്ര ജഡേജ ഇനിയൊരിക്കലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ടീം സുരേഷ് റെയ്‌നയോട് ചെയ്ത അതേകാര്യം തന്നെയാണ് ജഡേജയോടും ചെയ്യുന്നതെന്നും ചോപ്ര കുറ്റപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘മുംബൈയ്ക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള ചെന്നൈ ടീമില്‍ രവീന്ദ്ര ജഡേജ ഉണ്ടാകില്ല. എന്നാല്‍, അടുത്ത വര്‍ഷവും ജഡേജ ചെന്നൈയ്‌ക്കൊപ്പം ഉണ്ടാവാന്‍ സാധ്യതയില്ല എന്നാണ് ഞാന്‍ കരുതുന്നത്.

ചെന്നൈ ടീം ക്യാമ്പില്‍ ഇതൊക്കെ സാധാരണയാണ്. ഒരാള്‍ പരിക്കേറ്റ് പുറത്തായതാണോ അതോ ടീം പുറത്താക്കിയതാണോ എന്നൊന്നും അറിയാന്‍ സാധിക്കില്ല.

2021ല്‍ സുരേഷ് റെയ്നയ്ക്കു സംഭവിച്ചതും ഇതുപോലെതന്നെ. കുറച്ചു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ റെയ്നയെ ഒഴിവാക്കിയത് ഓര്‍ക്കണം’ ചോപ്ര പറയുന്നു.

പരിക്കിനെ തുടര്‍ന്ന് റെയ്‌നയെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നു എന്നായിരുന്നു സി.എസ്.കെ മാനേജ്‌മെന്റ് അന്ന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പുതിയ സീസണില്‍ താരത്തെ നിലനിര്‍ത്താനോ ടീമിലേക്ക് തിരികെയെത്തിക്കാനോ ടീം വിസമ്മതിക്കുകയായിരുന്നു.

ചെന്നൈയെക്കൂടാതെ ഒരു ടീമും റെയ്‌നയില്‍ താത്പര്യം കാണിച്ചിരുന്നില്ല. അങ്ങനെ താരത്തിന് ഈ സീസണില്‍ ഐ.പി.എല്‍ കളിക്കാന്‍ തന്നെ പറ്റാതെ പോവുകയായിരുന്നു.

അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രവീന്ദ്ര ജഡേജയെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്തിരുന്നു. തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് താരത്തെ ചെന്നൈ അണ്‍ഫോളോ ചെയ്തത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മോശം പ്രകടനത്തിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നത് നായകന്‍ രവീന്ദ്ര ജഡേജയ്ക്കായിരുന്നു. താരത്തിന്റെ ക്യാപ്റ്റന്‍സി ആരാധകര്‍ക്കിടിയില്‍ തന്നെ ചര്‍ച്ചായിരുന്നു.

സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് എം.എസ്. ധോണി സി.എസ്.കെയുടെ നായകസ്ഥാനം അപ്രതീക്ഷിതമായി ഒഴിയുന്നത്. തുടര്‍ന്നായിരുന്നു ജഡേജ സി.എസ്.കെയുടെ രണ്ടാമത്തെ മാത്രം ക്യാപ്റ്റനായി ചുമതലയേറ്റത്.

എന്നാല്‍ ടീമിന്റെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ താരം ക്യാപ്റ്റന്‍സി ധോണിയ്ക്ക് തിരികെ നല്‍കിയിരുന്നു. തുടര്‍ന്നാണ് താരത്തിന് പരിക്കേല്‍ക്കുന്നതും ടീമിന് പുറത്താകുന്നതും.

ഇതിനിടെയാണ് ടീം ഇന്‍സ്റ്റയില്‍ നിന്നും ജഡേജയെ അണ്‍ഫോളോ ചെയ്തിരിക്കുന്നത്. നിരവധി ആരാധകര്‍ സി.എസ്.കെയുടെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്.

Content Highlight: Former Indian star Akash Chopra against Chennai Super Kings

We use cookies to give you the best possible experience. Learn more