ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയില്‍ പ്രതീക്ഷക്കൊത്തുയരാത്തതിനാല്‍ ഇന്ത്യന്‍ യുവ പേസര്‍ ആവേശ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.
ആവേശ് ഖാനെ പ്ലെയിംഗ് ഇലവനില്‍ നിന്നും പുറത്താക്കണമെന്നും, പകരം അര്‍ഷ്ദീപ് സിങിനെയോ ഉമ്രാന്‍ മാലിക്കിനെയോ ടീമിലെടുക്കണമെന്നും അദ്ദേഹം പറയുന്നു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്.
‘ഇന്ത്യന്‍ ബൗളിങ് നിരയില്‍ എന്തുകൊണ്ട് ഒരു മാറ്റം വരുത്തിക്കൂടാ? ആവേശ് ഖാന് ഇതുവരെ ഒരു വിക്കറ്റ് പോലും ലഭിച്ചിട്ടില്ല. അവനെ ഇലവനില്‍ നിര്‍ത്തണോ?
നിങ്ങള്‍ക്ക് ഒരു മാറ്റം അടുത്ത മത്സരത്തില്‍ കൊണ്ടുവരാവുന്നതാണ്. ഒരിക്കല്‍ക്കൂടി നിങ്ങളെന്താണ് ചെയ്യാന്‍ പോവുന്നത് എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും എല്ലാം,’ ആകാശ് ചോപ്ര പറയുന്നു.
ആവേശ് ഖാന് പകരം അര്‍ഷ്ദീപ് സിങിനെയോ ഉമ്രാന്‍ മാലിക്കിനെയോ ടീമില്‍ എടുക്കണമെന്നും ചോപ്ര പറയുന്നു.
‘ആവേശ് ഖാന് പകരം അര്‍ഷ്ദീപിനോ ഉമ്രാന്‍ മാലിക്കിനോ അരങ്ങേറ്റത്തിന് ഒരു അവസരം നല്‍കിയാല്‍ അത് വളരെ മികച്ചതായിരിക്കും. എന്തിനാണ് വിക്കറ്റില്ലാത്ത ആവേശിനെ മാത്രം ആശ്രയിക്കുന്നത്,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
വിക്കറ്റൊന്നുമില്ലെങ്കിലും മികച്ച രീതിയില്‍ തന്നെയാണ് ആവേശ് ഖാന്‍ പന്തെറിയുന്നത്.
7.90 എക്കോണമിയിലാണ് ആവേശ് ഖാന്‍ പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ വിജയനായകന്‍ വാന്‍ ഡെര്‍ ഡുസന്റെ സിംപിള്‍ ക്യാച്ച് ശ്രേയസ് അയ്യര്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ ഒരു വിക്കറ്റ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടേനെ.
അതേസമയം, ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ നാലാം മത്സരമാണ് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്നത്. പരമ്പരയില്‍ നിലനില്‍ക്കണമെങ്കില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ 2-2 എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്താനും പരമ്പര വാശിയേറിയ അവസാന മത്സരത്തിലേക്കെത്തിക്കാനും സാധിക്കും.
ബൗളര്‍മാര്‍ ഫോമിലേക്ക് മടങ്ങിവന്നതാണ് ഇന്ത്യക്ക് ഏറെ ആശ്വാസമാവുന്നത്. കഴിഞ്ഞ മത്സരത്തില്‍ ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.
ഇന്ന് രാത്രി 7.30 നാണ് മത്സരം. എന്തുവിലകൊടുത്തും മത്സരം ജയിക്കാനും പരമ്പര മോഹം സജീവമാക്കാനുമാണ് പന്തും സംഘവും ഇറങ്ങുന്നത്.
Content highlight: Former Indian Star Akash Chopra against Avesh Khan