| Monday, 18th April 2022, 2:49 pm

അവന് പകരം മറ്റാരെയെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സഞ്ജുവേ എട്ടിന്റെ പണി കിട്ടും; നിര്‍ണായക നിരീക്ഷണവുമായി മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ ആറാം മത്സരത്തിനിറങ്ങുകയാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മത്സരങ്ങളിലെ പ്രകടനം അതേ രീതിയില്‍ ആവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാജസ്ഥാന്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരില്‍ നിന്നും അഞ്ചാമതേക്ക് വീണത്.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ രാജസ്ഥാനെ അലട്ടുന്നത് ന്യൂസിലാന്‍ഡ് സീമര്‍ ട്രന്റ് ബോള്‍ട്ടിന്റെ പരിക്കാണ്. പ്രാക്ടീസ് സെഷനിലേറ്റ പരിക്ക് കാരണം ബോള്‍ട്ടിന് കഴിഞ്ഞ മത്സരവും കളിക്കാന്‍ സാധിച്ചിരുന്നില്ല.

ബോള്‍ട്ടിന് പകരം ബോള്‍ട്ടിന്റെ സഹതാരമായ ജിമ്മി നീഷമായിരുന്നു കളത്തിലിറങ്ങിയത്. എന്നാല്‍ ബോള്‍ട്ടിന്റെ ഇംപാക്ട് നീഷമിന് ഉണ്ടാക്കാന്‍ സാധിക്കാതെ വരികയും കളിയില്‍ ഗുജറാത്തിനോട് തോല്‍ക്കുകയുമായിരുന്നു.

ഇപ്പോള്‍ മത്സരത്തിന് മുമ്പ് രാജസ്ഥാന് നിര്‍ണായകമായ ഉപദേശം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ട്രെന്റ് ബോള്‍ട്ടിന് കളിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ആരെ പകരം ഇറക്കണം എന്ന കാര്യമാണ് ചോപ്ര പറയുന്നത്.

ബോള്‍ട്ടിന് പകരം ഒരു പ്യുവര്‍ ബൗളറെ തന്നെ കളത്തിലിറക്കണമെന്നാണ് ചോപ്രയുടെ നിരീക്ഷണം.

‘രാജസ്ഥാന്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നാണ് ഞാന്‍ കരുതുന്നത്. അഥവാ ബോള്‍ട്ടിന് കളിക്കാന്‍ പറ്റിയില്ലെങ്കില്‍ ജിമ്മി നീഷമിന് പകരം ഓബെഡ് മക്കോയ് ആവണം കളിക്കേണ്ടത്.

കാരണം ഒരു ബൗളര്‍ക്ക് പകരമാവാന്‍ ബൗളര്‍ക്ക് മാത്രമേ സാധിക്കൂ. മറ്റാരെയെങ്കിലും ഉപയോഗിച്ച് അത് ചെയ്യാന്‍ ശ്രമിക്കരുത്,’ ചോപ്ര പറയുന്നു.

കഴിഞ്ഞ മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ട് കളിക്കാന്‍ സാധിക്കാതെ വന്നതോടെ കനത്ത തിരിച്ചടിയായിരുന്നു രാജസ്ഥാന്‍ നേരിട്ടത്. ഗുജറാത്ത് ഉയര്‍ത്തിയ 192 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ രാജസ്ഥാന് 155 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ.

ഹര്‍ദിക് പാണ്ഡ്യ ആഞ്ഞടിച്ചതോടെയാണ് ഗുജറാത്ത് വമ്പന്‍ സ്‌കോറിലേക്ക് നടന്നുകയറിയത്. പാണ്ഡ്യയുടെ ഇന്നിംഗ്‌സിന് തടയിടാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചതുമില്ല. ഇതോടെയാണ് ബോള്‍ട്ടിന്റെ പകരക്കാരനായി ബൗളറെ തന്നെ വേണം എന്ന നിലയിലേക്ക് രാജസ്ഥാന്‍ കാര്യങ്ങള്‍ ആലോചിച്ചു തുടങ്ങിയത്.

Content Highlight: Former Indian star Akash Chopra about the changes have to be made in Rajastan Royals’s match against KKR

We use cookies to give you the best possible experience. Learn more