| Wednesday, 11th May 2022, 4:24 pm

ബാറ്റിംഗ് ക്ഷയിച്ചിരിക്കുന്നു, രാജസ്ഥാന് തിരിച്ചടി ഉറപ്പ്; പ്ലേ ഓഫിന് മുമ്പേ റോയല്‍സിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ തങ്ങളുടെ പ്ലേ ഓഫ് ബര്‍ത്തിനായാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ റിഷബ് പന്ത് നയിക്കുന്ന ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പിക്കാനായാല്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താനാവും.

ഇപ്പോഴിതാ, ക്യാപ്പിറ്റല്‍സിനെതിരെ മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ അഭാവം തിരിച്ചടിയാകുമെന്നും താരത്തിന്റെ വിടവ് നിലനിര്‍ത്താന്‍ ദേവ്ദത്ത് പടിക്കലിനാവില്ലെന്നും താരം പറയുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘ദേവ്ദത്ത് വളരെ പതുക്കെയാണ് ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഹെറ്റ്‌മെയറെത്തിയാണ് ടീമിനെ രക്ഷിച്ചത്.ഹെറ്റ്‌മെയറില്ലെങ്കില്‍ വാന്‍ ഡെര്‍ ഡുസെന്‍ കളിക്കണമെന്നാണ് എന്റെ അഭിപ്രായം. അതിന് ശേഷം വേണം റിയാന്‍ പരാഗിനെ ഇറക്കാന്‍.

ബാറ്റിംഗ് നിര വളരെ പെട്ടെന്ന് തന്നെ ക്ഷയിച്ചതുപോലെയാണ് എനിക്ക് തോന്നുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സിന് ആദ്യത്തെ മൂന്ന് വിക്കറ്റ് എളുപ്പം വീഴ്ത്താനായാല്‍ അവര്‍ക്ക് രാജസ്ഥാനെ തോല്‍പിക്കാനാവും,’ ചോപ്ര പറയുന്നു.

കഴിഞ്ഞ മത്സരത്തിലെ ജയത്തിന് പിന്നാലെയാണ് ഹെറ്റ്‌മെയര്‍ നാട്ടിലേക്ക് തിരിച്ചുപോയത്. തനിക്ക് കുഞ്ഞുണ്ടായതുമായി ബന്ധപ്പെട്ടായിരുന്നു താരം സ്വന്തം നാടായ ഗയാനയിലേക്ക് തിരിച്ചത്. ടീമിന്റെ ബയോ ബബിള്‍ ബ്രേക്ക് ചെയ്തുകൊണ്ടായിരുന്നു താരം മടങ്ങിയത്.

മധ്യനിരയിലെ കരുത്തനും ടീമിന്റെ വിശ്വസ്തനായ ഫിനിഷറുമായിരുന്നു ഹെറ്റ്‌മെയര്‍. 72.75 ആവറേജില്‍ 166.29 സ്‌ട്രൈക്ക് റേറ്റില്‍ 291 റണ്‍സാണ് അടിച്ചെടുത്തത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ ടീമിന്റെ കരുത്തായ ഹെറ്റ്‌മെയറിന്റെ അഭാവം ടീമിന് വെല്ലുവിളിയാകുമെന്ന് സൂചനയുണ്ടെങ്കിലും ബെഞ്ചിലെ താരങ്ങളാണ് രാജസ്ഥാന്റെ പ്രതീക്ഷയേറ്റുന്നത്.

ബട്‌ലര്‍ തന്റെ ഫോം നിലനിര്‍ത്തുന്നതും, യശസ്വി ജെയ്‌സ്വാള്‍ ഫോമിലേക്ക് മടങ്ങിയെത്തിയതും ടീമിന് ഗുണകരമാണ്. ക്യാപ്റ്റന്‍ സഞ്ജുവിന്റെ ആളിക്കത്തലും കൂടിയാവുമ്പോള്‍ ബാറ്റിംഗ് നിര സുശക്തം തന്നെയാണ്.

ഹെറ്റ്‌മെയറിന്റെ അഭാവവും പടിക്കലിന്റെ മെല്ലെപ്പോക്കുമാണ് ടീമിന് വെല്ലുവിളി ഉയര്‍ത്തുന്നത്.

മറുവശത്ത് ദല്‍ഹിയും ബാറ്റിംഗ് നിരയില്‍ തപ്പിത്തടയുകയാണ്. ക്യാപ്പിറ്റല്‍സിന്റെ ഈ വീക്ക്‌നെസ് മുതലെടുക്കാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കാകുമെങ്കില്‍ പ്ലേ ഓഫില്‍ പ്രവേശിക്കുന്ന രണ്ടാം ടീമാവാന്‍ സഞ്ജുവിനും പിള്ളേര്‍ക്കും കഴിയുമെന്നുറപ്പാണ്.

Content highlight: Former Indian Star Akash Chopra about Shimron Hetmeyer and Rajasthan Royals

We use cookies to give you the best possible experience. Learn more