| Friday, 18th November 2022, 1:33 pm

എന്തിന് സഞ്ജുവിനെ ടീമിലെടുത്തു? കളിപ്പിക്കാനാണോ? അങ്ങനെയെങ്കില്‍ എവിടെ? ചോദ്യശരങ്ങളുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് സെമിയിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യ തങ്ങളുടെ ന്യൂസിലാന്‍ഡ് പര്യടനം ആരംഭിച്ചിരിക്കുകയാണ്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടി-20 ടീമിനെ നയിക്കുന്നത്.

മലയാളി താരം സഞ്ജു സാംസണെയും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ താരത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം നേടാന്‍ സാധിക്കില്ല എന്ന് വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘നിങ്ങള്‍ സഞ്ജു സാംസണെ പരമ്പരയുടെ ഭാഗമായി ടീമിലെടുത്തു. അയാളെ കളിപ്പിക്കുകയാണെങ്കില്‍ ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ ഇറക്കും.

മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരാണ് കളിക്കുന്നത്. സൂര്യകുമാര്‍ നാലാമനായും ഹര്‍ദിക് പാണ്ഡ്യ അഞ്ചാമനായും കളത്തിലിറങ്ങും. അങ്ങനെയെങ്കില്‍ സഞ്ജു എവിടെ കളിക്കും?. സഞ്ജുവിന് ടീമില്‍ സ്ഥാനമില്ലാതെ വരും.

സൂര്യകുമാര്‍ ആ പൊസിഷനില്‍ നിന്നും ഒരിക്കലും മാറരുത്. അയ്യര്‍ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ കളിക്കണം, അല്ലെങ്കില്‍ നാലാം നമ്പറിന് താഴെ പോകരുത്. ഹര്‍ദിക് അഞ്ചാമനായോ അതിന് മുമ്പോ തന്നെ ഇറങ്ങണം. ആ പൊസിഷനില്‍ നിന്നും ഒരിക്കലും താഴേക്ക് പോകരുത്.

ആറാം നമ്പറാണ് പിന്നെ സഞ്ജുവിന് ബാക്കിയുള്ളത്. ആ പൊസിഷനില്‍ അയാള്‍ക്ക് തിളങ്ങാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല,’ ചോപ്ര പറയുന്നു.

അതേസമയം, മഴമൂലം ആദ്യ ടി-20 വൈകിയിരിക്കുകയാണ്. ടോസ് ഇടുന്നതിന് മുമ്പ് ആരംഭിച്ച മഴ ഇനിയും അവസാനിച്ചിട്ടില്ല.

ഇന്ത്യ സ്‌ക്വാഡ്:

ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍.

ന്യൂസിലാന്‍ഡ് സ്‌ക്വാഡ്:

കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വാള്‍, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ലോക്കി ഫെര്‍ഗൂസന്‍, ഡാരില്‍ മിച്ചല്‍, ആദം മില്‍നെ, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ബ്ലെയര്‍ ടിക്‌നെര്‍.

Content Highlight: Former Indian star Akash Chopra about Sanju Samson’s position in Ind vs NZ T20 series

We use cookies to give you the best possible experience. Learn more