| Friday, 10th March 2023, 8:10 pm

അവനോ, ദൈവത്തിന്റെ വരദാനമോ? അവന്റെ ബാറ്റിങ് കൊണ്ട് ഒരു കോപ്പും നടക്കാന്‍ പോണില്ല; സഞ്ജു ലോബിക്കെതിരെ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിലെ നിലവിലെ സാഹചര്യത്തില്‍ സഞ്ജു സാംസണ് സ്ഥാനമില്ലെന്നും തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ അവന് സാധിക്കുന്നില്ലെന്നും മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ഏറെ ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു സാംസണെന്നും എന്നാല്‍ അവര്‍ പലപ്പോഴും യാഥാര്‍ത്ഥ്യം മറന്നുപോവുകയാണെന്നും ചോപ്ര പറഞ്ഞു.

ടി.ആര്‍.എസ് ക്ലിപ്‌സിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ രസകരമാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം. ചിലപ്പോള്‍ സത്യത്തേക്കാള്‍ ശക്തമായ ചില ധാരണകള്‍ അവിടെ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് അതിലെ ഒരു വസ്തുത.

സഞ്ജുവിന്റെ പിന്നാലെ ആരാധകരുടെ വമ്പന്‍ നിര തന്നെയുണ്ട്. നമ്മളിപ്പോള്‍ ജീവിക്കുന്നത് ഒരു ഡിജിറ്റല്‍ ലോകത്താണ്. അവന്‍ വരുന്ന സ്ഥലത്തിനും ഡിജിറ്റല്‍ ആക്‌സസ് ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

അവന്‍ കളിക്കുന്നത് കാണാന്‍ തന്നെ രസമാണ്. രഞ്ജിയിലും ഐ.പി.എല്ലിലും അവന്‍ തന്റെ ടീമിനെ ഫൈനല്‍ വരെയെത്തിച്ചു. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ചില അവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു, എന്നാല്‍ പലപ്പോഴും അവനത് മുതലാക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഇക്കാര്യം അവന്റെ ആരാധകര്‍ക്ക് ഒട്ടും മനസിലാകുന്നില്ല. നിലവിലെ സാഹചര്യത്തില്‍ തനിക്ക് ചുരുക്കം അവസരങ്ങള്‍ മാത്രമേ ലഭിക്കൂ എന്ന് സഞ്ജുവിന് മനസിലായിട്ടുണ്ട്.

പ്ലെയിങ് ഇലവനില്‍ അവന് സ്ഥാനമില്ല. ഇരട്ട സെഞ്ച്വറിയടിച്ച ഇഷാന്‍ കിഷന് പോലും അടുത്ത ചില മത്സരങ്ങളില്‍ അവസരം ലഭിച്ചില്ല. അവസരം ലഭിച്ചപ്പോഴാകട്ടെ അവന് ബാറ്റ് ചെയ്യേണ്ടി വന്നത് അഞ്ചാം നമ്പറിലാണ്.

കെ.എല്‍. രാഹുലിന്റെ അഭാവത്തിലല്ല അവന് അവസരം ലഭിച്ചത്. കെ.എല്‍. രാഹുലിന് പുറത്തിരിക്കേണ്ടി വരികയായിരുന്നു. അതുകൊണ്ട് അവസരം ലഭിക്കുമ്പോള്‍ അത് നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിക്കണം. നിങ്ങളത് നഷ്ടപ്പെടുത്തുകയാണെങ്കില്‍ ഖേദിക്കേണ്ടി വരും,’ അദ്ദേഹം പറഞ്ഞു.

‘സഞ്ജു സാംസണ് അവസരം ലഭിച്ച ഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ദൈവം തന്നെ വരദാനമാണെന്നായിരുന്നു എല്ലാവരും കരുതിയത്. അവനെ എല്ലാ മത്സരത്തിലും കളിപ്പിച്ചാല്‍ എല്ലാം ശരിയാകുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞുകൊണ്ടിരുന്നത്. അവനുണ്ടെങ്കില്‍ ലോകകപ്പ് ഫൈനല്‍ വരെ ജയിക്കുമെന്ന് ആളുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ബൗളര്‍മാരുടെ മോശം ദിവസമായിരുന്നു എന്ന കാര്യങ്ങളൊന്നും അവര്‍ മനസിലാക്കുന്നുപോലുമില്ല.

യഥാര്‍ത്ഥത്തില്‍ അവന്റെ ബാറ്റിങ് കൊണ്ട് പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാകാന്‍ പോണില്ല. എന്നാല്‍ ആ സമയത്ത് സഞ്ജു ടീമിനൊപ്പം ഉണ്ടെങ്കില്‍ നമുക്ക് എല്ലാ മത്സരവും ജയിക്കാന്‍ സാധിക്കുമായിരുന്നു എന്ന ഒരു ധാരണ സൃഷ്ടിക്കപ്പെട്ടിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight: Former Indian star Akash Chopra about Sanju Samson and his fans

We use cookies to give you the best possible experience. Learn more