ഇന്ത്യയുടെ ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവിന്റെ ചാന്‍സ് വളരെ ചെറുതാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ടീമില്‍ ഇടം നേടാനുള്ള ഓട്ടത്തില്‍ സഞ്ജു പിറകിലാണെന്നായിരുന്നു ചോപ്ര പറഞ്ഞത്.
സഞ്ജു ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇറങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം പുറത്തെടുക്കാറുള്ളതെന്നും എന്നാല്‍ ഇന്ത്യയ്ക്ക് ആ സ്ഥാനങ്ങളില്‍ മികച്ച താരങ്ങളുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലാണ് ആകാശ് ചോപ്ര ഇക്കാര്യം പറയുന്നത്.
ഇന്ത്യന്‍ ടീമിലെ മധ്യനിര ബാറ്റര്‍മാരെ കുറിച്ചും അവരുടെ സ്‌ട്രെങ്ത് ആന്‍ഡ് വീക്ക്‌നെസ് എന്നിവയെ കുറിച്ചും പറഞ്ഞ ചോപ്ര സഞ്ജുവിനെ കുറിച്ച് പറഞ്ഞതിങ്ങനെ;
‘സഞ്ജു സാംസണ്‍, അവന് ഒരുപാട് ആരാധകരുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും അവന് ആരാധകരേറെയാണ്. അവര്‍ ഇന്റര്‍നെറ്റില്‍ ആക്ടീവുമാണ്.
എനിക്ക് തോന്നുന്നത് ടീമില്‍ ഇടംനേടാനുള്ള ഓട്ടത്തില്‍ അവന്‍ പിറകിലാണ്. ലോകകപ്പിന് ശേഷം അവന്‍ ആറ് മത്സരം കളിച്ചു. 44 ശരാശരിയും 158 സ്‌ട്രൈക്ക് റേറ്റും അവനുണ്ട്. കിട്ടിയ അവസരമെല്ലാം അവന്‍ മുതലാക്കിയിട്ടുമുണ്ട്.
ഐ.പി.എല്ലിലും അവന്റെ പെര്‍ഫോമന്‍സ് തരക്കേടില്ല. 17 മത്സരത്തില്‍ 28 ശരാശരിയില്‍ 458 റണ്‍സുകള്‍, അത് കുറച്ച് മോശം സ്‌കോറാണ്, കാരണം അവന്‍ ടോപ് ഓര്‍ഡറിലാണ് കളിക്കാനിറങ്ങുന്നത്.
പക്ഷേ 147 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റാണ് അവന്റേത്. എന്നാല്‍ സഞ്ജുവിന്റെ പ്രശ്‌നമെന്തെന്നാല്‍ ആദ്യ മൂന്നില്‍ കളിക്കുമ്പോള്‍ മാത്രമാണ് ഈ നമ്പറുകള്‍ കാണാന്‍ പറ്റുന്നത്,’ ആകാശ് ചോപ്ര പറഞ്ഞു.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ഈ വര്‍ഷം അവസരം കിട്ടയപ്പോഴെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും മാത്രമല്ല ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ഫീല്‍ഡറുടെ റോളിലും താരം തിളങ്ങിയിരുന്നു. എന്നിരുന്നാലും ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ ഇടം നേടാനായിട്ടില്ല.
ബാക് അപ് താരമായി പോലും സഞ്ജുവിനെ പരിഗണിച്ചില്ല എന്നതാണ് ആരാധകരെ നിരാശരാക്കുന്ന പ്രധാന വസ്തുതയിലൊന്ന്.
ഇന്ത്യയുടെ സിംബാബ്‌വേ പര്യടനമാണ് സഞ്ജുവിന് മുമ്പിലുള്ളത്. ഏറെ കാലത്തിന് ശേഷം വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഏകദിന ജേഴ്‌സിയിലേക്ക് മടങ്ങിയെത്തിയ സഞ്ജു വീണ്ടും സിംബാബ്‌വേക്കെതിരെയുള്ള ഏകദിന ടീമില്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മൂന്ന് ഏകദിനമാണ് ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലുള്ളത്. ഓഗസ്റ്റ് 18, 20, 22 തിയതികളില്‍ ഹരാരെ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.
Content Highlight: Former Indian star Akash Chopra about Sanju Samson