ബി.സി.സി.ഐക്ക് എന്താ കൊമ്പുണ്ടോ, അയാള്‍ക്കാകാമെങ്കില്‍ ധോണിക്കും ആയിക്കൂടെ? ധോണി ക്രിക്കറ്റ് ബോര്‍ഡുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം
ദിവസങ്ങള്‍ക്ക് മുമ്പാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സൗത്ത് ആഫ്രിക്ക ടി-20 ലീഗിലെ തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചത്. ജോഹനാസ്‌ബെര്‍ഗ് സൂപ്പര്‍ കിങ്‌സ് എന്ന് പേരിട്ട ടീമിന്റെ മെന്ററാവാന്‍ ധോണിയെ ആയിരുന്നു മാനേജ്‌മെന്റ് മനസില്‍ കണ്ടത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കോച്ചായ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനെ കോച്ചായും ധോണിയെ മെന്ററായും ജോഹാനാസ്‌ബെര്‍ഗിലേക്ക് പൊക്കാനായിരുന്നു മാനേജ്‌മെന്റിന്റെ പരിപാടി. എന്നാല്‍, ബി.സി.സി.ഐ ഇതിന് വിലങ്ങുതടിയാവുകയായിരുന്നു.
ഒരേസമയം രണ്ട് ലീഗില്‍ കളിക്കാന്‍ ഒരാളെയും സമ്മതിക്കില്ലെന്നും, അഥവാ അങ്ങനെ പോകണമെങ്കില്‍ അവര്‍ ബി.സി.സി.ഐയുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കണമെന്നായിരുന്നു ബി.സി.സി.ഐ പറഞ്ഞത്.
അന്താരാഷ്ട്ര ക്രിക്കറ്റിനോട് ഗുഡ് ബൈ പറഞ്ഞിട്ട് നാളേറെയായെങ്കിലും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തലയായിരിക്കുന്നതാണ് ധോണിക്ക് വിനയായത്.
നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായിരിക്കുന്ന ധോണി ഇതിനായി ഐ.പി.എല്ലില്‍ നിന്നും വിരമിക്കണമെന്നും ക്രിക്കറ്റ് ബോര്‍ഡ് കര്‍ശന നിര്‍ദേശം വെച്ചിരുന്നു. ഇതോടെയാണ് ധോണിക്ക് മെന്ററാവാനുള്ള സാധ്യതകളടഞ്ഞത്.
എന്നാലിപ്പോള്‍, ധോണിക്ക് ജോഹനാസ്‌ബെര്‍ഗ് ടീമിന്റെ മെന്ററായാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ചോപ്ര ഇക്കാര്യം പറയുന്നത്.
‘എം.എസ്സിന് രണ്ട് ടീമിന്റെയും മെന്ററാവാന്‍ സാധിക്കുമെന്ന് തന്നെയാണ് ഞാന്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ ഒരു ടീമിന് വേണ്ടി കളിക്കാനും മറ്റൊന്നിനെ ഉപദേശിക്കാനുമാവില്ല. ചെന്നൈ ടീമില്‍ കളിക്കുമ്പോള്‍ ജോഹനാസ്‌ബെര്‍ഗിന്റെ മെന്ററാവാന്‍ സാധിക്കില്ലെന്ന് സാരം.
ബി.സി.സി.ഐയുടെ ഗൈഡ്‌ലൈന്‍ അനുസരിച്ച് ഏതെങ്കിലും വിദേശ ടൂര്‍ണമെന്റിന്റെ ഭാഗമാവാന്‍ ഐ.പി.എല്‍ അടക്കമുള്ള എല്ലാത്തില്‍ നിന്നും വിരമിക്കണം.
സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ ഇല്ലാത്ത താരങ്ങള്‍ മറ്റ് ലീഗില്‍ കളിക്കാന്‍ പോയാല്‍ എന്താണ് പ്രശ്‌നം, ഞാന്‍ അതില്‍ ഒരു കുഴപ്പവും കാണുന്നില്ല,’ ചോപ്ര പറഞ്ഞു.
ചെന്നൈയുടെ കോച്ചായിരിക്കെ ഫ്‌ളെമിങ്ങിനെ ജോഹനാസ്‌ബെര്‍ഗിന്റെ കോച്ചാവാമെങ്കില്‍ ധോണിക്ക് എന്തുകൊണ്ടായിക്കൂടാ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.സി.സി.ഐയുടെ ഈ നയം കാരണമാണ് ബിഗ് ബാഷ് ലീഗ് അടക്കമുള്ള ഒരു ലീഗിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കാത്തത്. എന്നാല്‍ ഇന്ത്യയുടെ പല വനിതാ താരങ്ങളും ബി.ബി.എല്ലില്‍ കളിക്കുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.
ഒരുപക്ഷേ, വനിതാ ഐ.പി.എല്‍ വന്നാല്‍ വനിതാ താരങ്ങളുടെ ബി.ബി.എല്‍ കരിയറും അവസാനിച്ചേക്കാം.
Content Highlight: Former Indian star Akash Chopra about MS Dhoni’s mentorship