| Saturday, 13th August 2022, 3:32 pm

ബാക്കിയുള്ളവര്‍ക്ക് പരിക്ക് പറ്റുന്നത് സാധാരണം, എന്നാല്‍ കളിക്കാന്‍ പോലും ഇറങ്ങാതെ ഇവനെങ്ങനെയാ ഇതിന് മാത്രം പരിക്ക്; ബുംറയ്‌ക്കെതിരെ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ അല്‍പം പേടിച്ചിരുന്നു. മൂന്ന് പേസര്‍മാരെ മാത്രമാണ് ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇന്ത്യന്‍ പേസ് നിരയിലുള്ളത്. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പേസ് നിരയില്‍ പന്തെറിയാനെത്തും.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായതാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത്. തോളിന് പരിക്കേറ്റാണ് താരം ടീമില്‍ നിന്നും പുറത്തായിരിക്കുന്നത്.

എന്നാലിപ്പോള്‍ താരത്തിന്റെ പരിക്കിനെ കുറിച്ചും ബുംറയുടെ പ്രകടനത്തെ കുറിച്ചു വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഭൂരിഭാഗം മത്സരങ്ങളും ബുംറ കളിക്കാറില്ലെന്നും എന്നിട്ടും പരിക്ക് ബുംറയെ വലയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ചോപ്രയുടെ പരാമര്‍ശം.

‘അവന്റെ പരിക്കിന്റെ ആഴം എത്രത്തോളമുണ്ടെന്ന് എനിക്കറിയില്ല. എന്നാല്‍ ബുംറയുടെ അഭാവം ഇന്ത്യന്‍ ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഏകദേശം 70 ശതമാനം മത്സരവും അവന്‍ കളിച്ചിട്ടില്ല. എന്നിട്ടും അവന്‍ പരിക്കിന്റെ പിടിയിലാണ്,’ ആകാശ് ചോപ്ര പറഞ്ഞു.

അണ്‍ ഓര്‍ത്തഡോക്‌സ് ബൗളിങ് ആക്ഷനായിരിക്കാം ബുംറയുടെ പരിക്കിന്റെ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

‘ഓരോ ശരീരഭാഗത്തിനും വ്യത്യസ്ത പ്രഷറാണുള്ളത്. അവന്റെ ബൗളിങ് ആക്ഷന്‍ കാരണം അവന്റെ പുറം ഭാഗത്തിനും ലിഗമെന്റിനുമെല്ലാം പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്,’ ചോപ്ര പറയുന്നു.

ഇതേകാരണം കൊണ്ടുതന്നെ 2019ല്‍ ബുംറ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പരമ്പരയില്‍ നിന്നും പുറത്തായിരുന്നു.

ബുംറ തന്റെ ബൗളിങ് ആക്ഷന്‍ മെച്ചപ്പെടുത്തണമെന്നും ഇത്തരം അണ്‍ ഓര്‍ത്തഡോക്‌സ് ബൗളിങ് ആക്ഷനുകള്‍ പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എ.ഇയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിറങ്ങുന്നത്. ടി-20 ലോകകപ്പ് അടുത്ത് വരവെ ചരിത്രത്തില്‍ രണ്ടാമതായി ഏഷ്യാ കപ്പ് ടി-20 ഫോര്‍മാറ്റില്‍ നടക്കുകയാണ്.

ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കല്‍ ഒരു ചടങ്ങ് തന്നെയാവുമെന്നതിനാല്‍ ഏഷ്യാ കപ്പിനുള്ള അതേ ടീമിനെ തന്നെ നിലനിര്‍ത്താനാവും ഇന്ത്യ ഒരുങ്ങുന്നത്. എന്നാല്‍ അതിന് മുമ്പ് പൂര്‍ണ സജ്ജനായി ബുംറയിറങ്ങിയാല്‍ താരത്തിന്റെ സ്ലോട്ട് എന്നും പ്ലെയിങ് ഇലവനില്‍ തന്നെ ആയിരിക്കും.

Content Highlight: Former Indian star Akash Chopra about Jasprit Bumrah’s injury

We use cookies to give you the best possible experience. Learn more