ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് ബി.സി.സി.ഐയെ അനുസരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഏറെ കാലമായി പരിക്കിന്റെ പിടിയില്‍ തുടരുന്ന ബുംറക്ക് ഏഷ്യാ കപ്പും ടി-20 ലോകകപ്പും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും അടക്കമുള്ള നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.
ഈ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും ഏകദിന ലോകകപ്പും നടക്കുന്നതിനാല്‍ ബുംറ ഐ.പി.എല്ലില്‍ കളിക്കുന്നത് താരത്തിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമാക്കുമോ എന്ന ആശങ്ക അപെക്‌സ് ബോര്‍ഡിനുണ്ട്. ബുംറക്ക് വിശ്രമം ആവശ്യമെങ്കില്‍ മുംബൈ ഇന്ത്യന്‍ ബി.സി.സി. പറയുന്നതനുസരിക്കണമെന്നും ആകാശ് ചോപ്ര കരുതുന്നു.
സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ആകാശ് ചോപ്ര ബുംറയുടെ പരിക്കിനെ കുറിച്ചുള്ള ആശങ്കകള്‍ വ്യക്തമാക്കിയത്.
‘അവന്‍ ഇന്ത്യന്‍ താരമാണ്. അതിന് ശേഷമേ ഏതെങ്കിലും ഫ്രാഞ്ചൈസി ടീമുകളുടെ ഭാഗമാകുന്നുള്ളൂ. അതുകൊണ്ടുതന്നെ ബുംറക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നു എന്ന് കരുതുകയാണെങ്കില്‍ ബി.സി.സി.ഐ ആ ഫ്രാഞ്ചൈസിയോട് ഞങ്ങളവനെ റിലീസ് ചെയ്യാന്‍ പോകുന്നില്ലെന്ന് പറയണം. ജോഫ്രാ ആര്‍ച്ചറുമൊത്ത് ഏഴ് മത്സരം കളിച്ചില്ല എങ്കില്‍ ലോകം അവസാനിക്കാനൊന്നും പോകുന്നില്ല.
‘അതേസമയം നിങ്ങള്‍ ഫിറ്റായി തുടരുകയാണെങ്കില്‍ ഇത്തരം മത്സരങ്ങളില്‍ കളിക്കുന്നത് നിങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട താരമാക്കുന്നതിനാല്‍ നിങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു.
അവന്‍ ഇന്ത്യയുടെ നിധിയാണ്. അതിനാല്‍ തന്നെ ബി.സി.സി.ഐക്ക് ഇത് കൈകാര്യം ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ബി.സി.സി.ഐ ഇടപെടുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സ് തീര്‍ച്ചയായും അത് ശ്രദ്ധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തിനുള്ള സ്‌ക്വാഡില്‍ നിന്നും ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡില്‍ നിന്നും ബുംറ പുറത്തായിരിക്കുകയാണ്.
നേരത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്ന്, നാല് ടെസ്റ്റുകളിലും ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലും ബുംറ കളിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാധകരുടെ ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചായിരുന്നു ബി.സി.സി.ഐ സ്‌ക്വാഡ് അനൗണ്‍സ് ചെയ്തത്.