| Monday, 25th April 2022, 5:12 pm

ക്യാപ്റ്റനായതുകൊണ്ടുമാത്രമാണ് അവന് ബാറ്റ് ചെയ്യാന്‍ സാധിക്കാത്തത്; രവീന്ദ്ര ജഡേജയെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2022 കുറച്ചധികം പുതിയ ക്യാപ്റ്റന്‍മാര്‍ക്കാണ് പിറവി നല്‍കിയത്. അത്തരത്തില്‍ 2022 ഐ.പി.എല്‍ സീസണില്‍ ആദ്യമായി നായകസ്ഥാനമേറ്റെടുത്ത താരമാണ് രവീന്ദ്ര ജഡേജ.

2008ല്‍ ഐ.പി.എല്‍ ആരംഭിച്ചതുമുതല്‍ ധോണിയല്ലാതെ മറ്റൊരാളും അലങ്കരിക്കാത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ ചുമതലയായിരുന്നു ജഡേജയ്ക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ആ സമ്മര്‍ദ്ദം അതിഭീകരവുമായിരുന്നു.

സീസണിലെ ആദ്യമത്സരങ്ങളിലെല്ലാം തന്നെ തോല്‍വിയേറ്റുവാങ്ങിയായിരുന്നു ചെന്നൈ തുടങ്ങിയത്. ഇതിന് ഏറ്റവുമധികം പഴി വാങ്ങിക്കൂട്ടിയത് ജഡേജയും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചരിത്രത്തില്‍ തന്നെയുള്ള മോശം സീസണായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

ഇന്ത്യന്‍ ടീമിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടറില്‍ പ്രധാനിയായിട്ടും ബാറ്റിംഗില്‍ ഒരിക്കല്‍പ്പോലും തിളങ്ങാന്‍ ജഡ്ഡുവിനായിട്ടില്ല. എന്തുകൊണ്ടാണ് താരത്തിന് ബാറ്റിംഗില്‍ കാര്യമായി ശ്രദ്ധിക്കാന്‍ പറ്റാത്തത് എന്ന കാര്യത്തെക്കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആകാശ് ചോപ്ര.

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം തന്നെയാണ് താരത്തിന്റെ പ്രകടനത്തെ ബാധിക്കുന്നതെന്നാണ് ചോപ്രയുടെ വിലയിരുത്തല്‍. ഇതുകാരണം തന്നെയാണ് താരത്തിന്റെ ബാറ്റിംഗും പിന്നോട്ടുപൊയതെന്നും ചോപ്ര നിരീക്ഷിക്കുന്നു.

കഴിഞ്ഞ മുംബൈ – ചെന്നൈ മത്സരത്തില്‍ സൂപ്പര്‍ കിംഗ്‌സിന്റെ വിജയത്തിന് പിന്നാലെയായിരുന്നു ചോപ്രയുടെ നിരീക്ഷണം.

‘ജഡേജ ബാറ്റിംഗില്‍ തപ്പിത്തടയുകയാണ്. ഇതൊരിക്കലും ഒരു നല്ല സൂചനയല്ല. അദ്ദേഹം ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണ്.

ജഡേജ ന്നായി ബാറ്റ് ചെയ്തില്ല എങ്കില്‍ അത് പ്രധാനമായും ബാധിക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തന്നെയാണ്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം കൃത്യമായി തന്നെ അവനില്‍ കാണാം,’ ചോപ്ര പറയുന്നു.

ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നും 18.20 ശരാശരിയില്‍ 91 റണ്‍സ് മാത്രമാണ് ജഡേജ നേടിയത്.

ബാറ്റിംഗിന് പുറമെ ഫീല്‍ഡിംഗിലും താരത്തിന് പഴയ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ ചെന്നൈ – മുംബൈ മത്സരത്തില്‍ സിംപിള്‍ ക്യാച്ചുകളായിരുന്നു താരം വിട്ടുകളഞ്ഞത്.

ജഡേജയുടെ ഫോമില്ലായ്മ മറ്റൊര്‍ത്ഥത്തില്‍ ബാധിക്കാന്‍ പോവുന്നത് ഇന്ത്യന്‍ ടീമിനെ തന്നെയാണ്. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ജഡേജ ഇടം നേടില്ലെങ്കില്‍ പകരം മറ്റാര് എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ബി.സി.സി.ഐയും സെലക്ടര്‍മാരും കാര്യമായി തന്നെ കഷ്ടപ്പെടേണ്ടി വരും.

Content Highlight: Former Indian star Akash Chopra about Chennai Super Kings’s Skipper Ravindra Jadeja
We use cookies to give you the best possible experience. Learn more