ഞാനാണ് ടീം സെലക്ട് ചെയ്യുന്നതെങ്കില്‍ വിരാട് ഒരിക്കലും എന്റെ ടീമില്‍ ഉണ്ടാവില്ല: ജഡേജ
Sports News
ഞാനാണ് ടീം സെലക്ട് ചെയ്യുന്നതെങ്കില്‍ വിരാട് ഒരിക്കലും എന്റെ ടീമില്‍ ഉണ്ടാവില്ല: ജഡേജ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th July 2022, 12:54 pm

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ഇത് കണ്ടക ശനിയാണ്. ഒരു ഫോര്‍മാറ്റിലും തന്റെ പ്രതാപത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ പരാജയപ്പെടുകയാണ് എന്നുമാത്രമല്ല എല്ലാ കോണുകളില്‍ നിന്നും താരത്തിനെതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകളും ഉയരുന്നുണ്ട്.

ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും താരത്തിന് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമായി അരങ്ങേറ്റക്കാരന്‍ റിച്ചാര്‍ഡ് ഗ്ലീസന് വിക്കറ്റ് നല്‍കിയായിരുന്നു അദ്ദേഹം.

ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാം ടെസ്റ്റിലും ഇപ്പോള്‍ നടന്ന ടി-20യിലും പരാജയപ്പെട്ടതോടെ വിരാടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

താനായിരുന്നു ടീമിനെ സെലക്ട് ചെയ്യുന്നതെങ്കില്‍ ഒരരിക്കലും വിരാടിനെ ടീമില്‍ ഉള്‍പ്പെടുത്തില്ല എന്നായിരുന്നു താരം പറഞ്ഞത്.

ടി-20 എങ്ങനെയാണോ കളിക്കേണ്ടത് അതേ രീതിയില്‍ ആക്രമിച്ചുതന്നെയാണ് ഇന്ത്യ ഇപ്പോള്‍ കളിക്കുന്നതെന്നും ഫോമില്‍ തുടരാന്‍ സാധിക്കാതെ വിരാടിനെ ടി-20 പോലെ ഒരു അഗ്രസ്സീവ് ഫോര്‍മാറ്റില്‍ കളിപ്പിക്കണമോ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

‘വിരാട് ഒരു സ്‌പെഷ്യല്‍ പ്ലെയര്‍ ആണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു സീസണായി അവന്‍ പരാജയപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.

ടീം ഉടനെ തന്നെ ഒരു തീരുമാനത്തിലെത്തണം. അവന് എന്റെ ടീമില്‍ ഒരു സ്ഥാനവുമില്ല, അവന്‍ ഞാന്‍ തെരഞ്ഞെടുക്കുന്ന ടീമില്‍ കളിക്കുകയുമില്ല. കഴിഞ്ഞ കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മറ്റേതെങ്കിലും താരത്തെയായിരിക്കും ഞാന്‍ ടീമിലേക്ക് പരിഗണിക്കുക,’ ജഡേജ പറയുന്നു.

ഇന്ത്യന്‍ ടീമില്‍ വിരാടിന്റെ സ്ഥാനത്തെ കുറിച്ച് നേരത്തെയും പലരും വിമര്‍ശനമുന്നയിച്ചിരുന്നു. വിരാടിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് പറഞ്ഞത്.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ രണ്ടാം റാങ്കുകാരനായ അശ്വിനെ ഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെന്തുകൊണ്ടാണ് വിരാടിനെ ഒഴിവാക്കാത്തത് എന്നായിരുന്നു കപില്‍ ചോദിച്ചത്.

‘അതെ, വിരാടിനെ ടി-20 പ്ലെയിങ് ഇലവനില്‍ കളിപ്പിക്കാതെ ബെഞ്ചില്‍ തന്നെ ഇരുത്തേണ്ട സാഹചര്യം വന്നിരിക്കുകയാണ്. അഞ്ചാം ടെസ്റ്റില്‍ നിന്നും രണ്ടാം റാങ്കിങ്ങില്‍ നില്‍ക്കുന്ന അശ്വിനെ പുറത്താക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ എന്തുകൊണ്ട് ഏതോ ഒരു കാലത്ത് ഒന്നാം റാങ്കിങ്ങില്‍ നിന്നിരുന്ന വിരാടിനെ പുറത്താക്കാന്‍ സാധിക്കുന്നില്ല,’ എന്നായിരുന്നു കപില്‍ ദേവ് പറഞ്ഞത്.

ഈ വര്‍ഷം അവസാനം ടി-20 ലോകകപ്പ് അടക്കം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിരാടിന്റെ ഫോം ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ടീമില്‍ ഇടം നേടാനും പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം മടങ്ങിയെത്താനാണ് വിരാടും ആരാധകരും ഒരു പോലെ കൊതിക്കുന്നത്.

 

Content highlight: Former Indian star Ajay Jadeja says he will not consider Virat Kohli in his team