| Monday, 9th January 2023, 12:08 pm

ഹര്‍ദിക്കുമല്ല സൂര്യകുമാറുമല്ല, പത്തില്‍ എട്ട് തവണയും ആ പേസറാണ് യഥാര്‍ത്ഥ ഫിനിഷര്‍, അവന്‍ ആ ഇതിഹാസത്തോളം പോന്നവനാണ്: ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര അവസാനിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. സൂര്യകുമാര്‍ യാദവിനെ ഫൈനലിന്റെ താരമായും അക്‌സര്‍ പട്ടേലിനെ പരമ്പരയുടെ താരവുമായും തെരഞ്ഞെടുത്തിരുന്നു.

ഇന്ത്യന്‍ നിരയിലെ സകല താരങ്ങളും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അരങ്ങേറ്റക്കാരായ രാഹുല്‍ ത്രിപാഠിയും ശിവം മാവിയും തകര്‍ത്തു കളിച്ചപ്പോള്‍ ഉമ്രാന്‍ മാലിക്ക് എപ്പോഴെത്തെയും പോലെ സ്റ്റമ്പുകള്‍ എറിഞ്ഞു വീഴ്ത്തി.

ഉമ്രാന്‍ മാലിക്കിനെ സംബന്ധിച്ച് കഴിഞ്ഞ പരമ്പര ഏറെ പ്രിയപ്പെട്ടതായിരിക്കും. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ ഡെലിവറിയെറിഞ്ഞുകൊണ്ടായിരുന്നു താരം ആരാധകരെ ഞെട്ടിച്ചത്. സ്പീഡ് ഗണ്ണില്‍ 155 കിലോമീറ്റര്‍ വേഗം കാണിച്ച ആ ഡെലിവറി ബുംറയെ മറികടന്നുകൊണ്ട് റെക്കോഡും നേടിയിരുന്നു.

ഇതിന് പുറമെ പരമ്പരയില്‍ ഏഴ് വിക്കറ്റും കശ്മീര്‍ എക്‌സ്പ്രസ് സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അജയ് ജഡേജ. ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസറും ഇതിഹാസ താരവുമായ ജവഗല്‍ ശ്രീനാഥിനോടുപമിച്ചായിരുന്നു ജഡേജ പ്രശംസിച്ചത്.

ക്രിക്ബസ്സിലെ അഭിമുഖത്തിലായിരുന്നു ജഡേജ ഇക്കാര്യം പറഞ്ഞത്.

‘ഏറെ കാലമായി ഞാന്‍ അവനെ പോലെ ഒരു ബൗളരെ കണ്ടിട്ടില്ല. ഇതിന് മുമ്പ് ജവഗല്‍ ശ്രീനാഥിനെ മാത്രമാണ് ഞാന്‍ ഇങ്ങനെ കണ്ടിട്ടുള്ളത്.

അവന്‍ ഒരു സ്‌പെഷ്യല്‍ ടാലെന്റാണ്. അതുകൊണ്ടുതന്നെ മാനേജ്മന്റെ് അവനെ അതേപടി ഉപയോഗിക്കണം. ടെയ്ല്‍ എന്‍ഡര്‍മാര്‍ ബാറ്റ് ചെയ്യുമ്പോള്‍ പത്തില്‍ എട്ട് തവണയും അവന്‍ വിക്കറ്റുകള്‍ നേടുകയും കളി ഫിനിഷ് ചെയ്യുകയും ചെയ്യുന്നു,’ ജഡേജ പറഞ്ഞു.

ഇന്ത്യ-ശ്രീലങ്ക ഏകദിനമാണ് ഇനി ഉമ്രാന് മുമ്പിലുള്ളത്. പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവെച്ച് ലോകകപ്പ് സാധ്യതകള്‍ ഉറപ്പാക്കുകയായിരിക്കും താരം ചെയ്യുന്നത്.

Content highlight: Former Indian star Ajay Jadeja praises Umran Malik

We use cookies to give you the best possible experience. Learn more