| Friday, 19th August 2022, 4:04 pm

അതേ കളി, അതേ ശൈലി, ഇവന്‍ സച്ചിന്‍ തന്നെ; ധവാനെ സച്ചിനോടുപമിച്ച് മുന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന പര്യടനത്തിലാണ് ഇന്ത്യന്‍ ടീം. സിംബാബ്‌വേക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഏകപക്ഷീയമായി ജയിച്ചിരുന്നു.

സിംബാബ്‌വേ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം വൈസ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് സ്വന്തമാക്കിയപ്പോള്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യ ആദ്യ മത്സരം വിജയിച്ചത്.

ആദ്യവിക്കറ്റ് കൂട്ടുകെട്ടില്‍ 192 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ ശിഖര്‍ ധവാനെ പുകഴ്ത്തി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം അജയ് ജഡേജ.

പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുന്നതിനായി തന്റെ കളിരീതിയില്‍ മാറ്റം വരുത്തുന്ന സച്ചിന്റെ ശൈലിയാണ് താരം പിന്തുടരുന്നതെന്നായിരുന്നു ജഡേജ പറഞ്ഞത്.

‘നിങ്ങള്‍ നിങ്ങളുടെ കളിരീതി പെട്ടെന്ന് തന്നെ മാറ്റിക്കൊണ്ടേയിരിക്കണം, കാരണം യുവതാരങ്ങള്‍ മിടുക്കരായി മാറിക്കൊണ്ടിരിക്കുകയാണ്. സച്ചിന്‍ ആ രീതിയായിരുന്നു അവലംബിച്ചിരുന്നത്.

യുവരാജും ധോണിയും മറ്റ് താരങ്ങളുമെല്ലാം തന്നെ കളിച്ചുതുടങ്ങുന്ന സമയത്ത് സച്ചിന്‍ തന്റെ കളിരീതികള്‍ അഡ്ജസ്റ്റ് ചെയ്തിരുന്നു. ടീമിലെ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരുന്നു സച്ചിന്‍ അത് ചെയ്തത്,’ ജഡേജ പറയുന്നു.

സച്ചിന്റെ ഈ രീതിയാണ് ശിഖര്‍ ധവാനും കഴിഞ്ഞ കളിയില്‍ പിന്തുടര്‍ന്നതെന്നും ജഡേജ പറയുന്നു.

‘യുവതാരങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ ശിഖര്‍ ധവാന്‍ ടെന്‍ഡുല്‍ക്കറിനെ പിന്തുടരുകയാണ്. സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാനുള്ള വഴികള്‍ അദ്ദേഹം കണ്ടെത്തിക്കൊണ്ടേയിരിക്കുകയാണ്,’ ജഡേജ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

41ാം ഓവറില്‍ ഷെവ്‌റോണ്‍സിന്റെ അവസാന വിക്കറ്റും പിഴുതെറിഞ്ഞ് ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങിയപ്പോള്‍ ധവാനും ഗില്ലും ചേര്‍ന്ന് സിംബാബ്‌വേയുടെ പതനം പൂര്‍ത്തിയാക്കി.

113 പന്ത് നേരിട്ട് ധവാന്‍ 81 റണ്‍സും 72 പന്തില്‍ നിന്നും 82 റണ്‍സുമായി ഗില്ലും കളം നിറഞ്ഞാടി.

നേരത്തെ ബൗളിങ്ങില്‍ ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തിയ ദീപക് ചഹറാണ് സിംബാബ്‌വേയുടെ നടുവൊടിച്ചത്. ഏഴ് ഓവറില്‍ 27 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്.

വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ സിംബാബ്‌വേയുടെ ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് ബാറ്റര്‍മാരെയാണ് അദ്ദേഹം പുറത്താക്കിയത്. സ്പിന്നര്‍ അക്സര്‍ പട്ടേലും മൂന്ന് വിക്കറ്റ് നേടിയിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുമ്പിലാണ്. ഓഗസ്റ്റ് 20നാണ് പരമ്പരയിലെ രണ്ടാം മത്സരം.

Content Highlight: Former Indian Star Ajay Jadeja compares Shikhar Dhawan to Sachin Tendulkar

We use cookies to give you the best possible experience. Learn more