ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ റിഷബ് പന്തിന് ഒരു യോഗ്യതയുമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ടി-20 ടീമില്‍ പന്തിന്റെ റോള്‍ എന്താണെന്ന് ഒരു ക്ലാരിറ്റിയുമില്ലെന്നും അതിനാലാണ് താരം ടി-20യില്‍ നിരന്തരമായി പരാജയപ്പെടുന്നതെന്നും ജഡേജ പറഞ്ഞു.
എന്നാല്‍ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ ദിനേഷ് കാര്‍ത്തിക്കിന് ടീമിലെ തന്റെ റോളിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അക്കാരണത്താലാണ് താരം ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യ – സൗത്ത് ആഫ്രിക്ക മൂന്നാം ടി-20യില്‍ കെ.എല്‍. രാഹുലിനും വിരാട് കോഹ്‌ലിക്കും വിശ്രമം അനുവദിച്ചതിനാല്‍ ഓപ്പണറുടെ റോളിലാണ് പന്ത് കഴിഞ്ഞ മത്സരത്തില്‍ കളിക്കാനിറങ്ങിയത്. 14 പന്തില്‍ നിന്നും 27 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്.
ഇതിന് പിന്നാലെയാണ് പന്തിനെ വിമര്‍ശിച്ച് ജഡേജ രംഗത്തെത്തിയത്.
‘മാനേജ്‌മെന്റ് ഇപ്പോള്‍ ഒരു റോള്‍ പ്ലെയിങ് ആക്ടിലേക്ക് മാറിയിരിക്കുകയാണ്. പന്തിന്റെ റോളിനെ പറ്റി ഒരു ധാരണയില്ലാത്ത കാലത്തോളം അവന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോഗ്യതയില്ലാത്തവനാണ്.
എന്നാല്‍ ദിനേഷ് കാര്‍ത്തിക്കിനാവട്ടെ, താന്‍ ഏത് പൊസിഷനിലാണ് കളിക്കുന്നതെന്നും ടീമിന് എന്താണ് തന്നില്‍ നിന്നും വേണ്ടതെന്നും വ്യക്തമായി അറിയാം. മൂന്നാം മത്സരത്തില്‍ തനിക്ക് ലഭിച്ച ജോലിയെന്തോ അത് വൃത്തിയായി ചെയ്യുന്ന തരത്തിലുള്ള മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്,’ ജഡേജ പറയുന്നു.
തന്റെ കരിയറില്‍ ഒന്നാകെ ഇതേ പ്രശ്‌നം നേരിടേണ്ടി വന്ന ദിനേഷ് കാര്‍ത്തിക്കില്‍ നിന്നും റിഷബ് പന്തിന് ഒരുപാട് പഠിക്കാനുണ്ടെന്നും അജയ് ജഡേജ അഭിപ്രായപ്പെട്ടു.
‘അവന്‍ കാര്‍ത്തിക്കില്‍ നിന്നും പലതും പഠിക്കേണ്ടിയിരിക്കുന്നു. അവന്‍ എന്തെങ്കിലും മിസ് ചെയ്യുന്നുണ്ടോ? ടി-20യില്‍ വിജയം കൈവരിക്കാന്‍ അവന്‍ ഇക്കാര്യം തീര്‍ച്ചയായും വിശകലനം ചെയ്യേണ്ടതായുണ്ട്,’ ജഡേജ പറയുന്നു.
കഴിഞ്ഞ മത്സരത്തില്‍ നാലാം നമ്പറില്‍ ഇറങ്ങി മികച്ച പ്രകടനമായിരുന്നു ദിനേഷ് കാര്‍ത്തിക് നടത്തിയത്. 21 പന്തില്‍ നിന്നും 46 റണ്‍സാണ് താരം നേടിയത്.
നാല് ബൗണ്ടറിലും നാല് സിക്‌സറും നേടി മികച്ച രീതിയില്‍ കളിക്കുമ്പോള്‍ കേശവ് മഹാരാജിന്റെ ഡെലിവറിയില്‍ ഒരു അനാവശ്യ ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് കാര്‍ത്തിക് പുറത്തായത്.