Sports News
അവിടെ കളിപ്പിക്കണം, അല്ലെങ്കില്‍ ടീമിലെടുക്കരുത്; സഞ്ജുവിനെ സംബന്ധിച്ച് പുതിയതായി തോന്നി; പിന്തുണച്ച് സൂപ്പര്‍താരം
ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ സഞ്ജു സാംസണ് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ബാറ്റിങ്ങിനിറങ്ങിയ മൂന്ന് മത്സരത്തില്‍ കഷ്ടിച്ച് പത്തിന് മുകളില്‍ ശരാശരിയുമായി 32 റണ്‍സാണ് താരം നേടിയത്. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ സഞ്ജുവിനെ തേടിയെത്തിയിരുന്നു.
സഞ്ജുവിന് ക്രിക്കറ്റ് കളിക്കാന്‍ അറിയില്ല എന്ന് പോലും ചില കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
ഭാവി തന്നെ തുലാസിലായ സാഹച്യത്തില്‍ സഞ്ജുവിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറും നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ചുമായ അഭിഷേക് നായര്‍. ഈ മത്സരങ്ങള്‍ മാത്രം വിലയിരുത്തിക്കൊണ്ട് ഒരിക്കലും സഞ്ജുവിന്റെ പൊട്ടന്‍ഷ്യല്‍ അളക്കരുതെന്നും ജിയോ സിനിമാസില്‍ നടന്ന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
തന്റെ സ്ഥിരം പൊസിഷനില്‍ നിന്നും മാറിയാണ് സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കിയതെന്നും ഇത് അവന്റെ പ്രകടനത്തെ ബാധിക്കാന്‍ കാരണമായെന്നും അഭിഷേക് നായര്‍ അഭിപ്രായപ്പെട്ടു.
‘സഞ്ജു അവസരം പാഴാക്കിയോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. അവന്‍ സഞ്ജു സാംസണ്‍ ആയതുകൊണ്ടുതന്നെ മറ്റൊരു അവസരം ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
അവന്റെ പൊട്ടെന്‍ഷ്യല്‍ അവസാനിച്ചു എന്നൊന്നും പറയാന്‍ സാധിക്കില്ല. അവനെ സംബന്ധിച്ച് ഇതൊരു പുതിയ റോള്‍ ആയാണ് തോന്നിയത്. അവന്‍ മൂന്ന് ഇന്നിങ്‌സ് മാത്രമാണ് കളിച്ചത്. ഇതില്‍ നിന്നും ഒരു മതിപ്പുണ്ടാക്കാനും അവന് സാധിച്ചില്ല. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിക്കാനും സാധ്യതയുണ്ട്.
അവനെ അഞ്ചാം നമ്പറിലാണ് കളിപ്പിച്ചത്. സഞ്ജു സാംസണില്‍ നിന്നും നിങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അവനെ മൂന്നാം നമ്പറില്‍ കളിക്കാന്‍ അനുവദിക്കണം. ആ പൊസിഷനില്‍ അവന്‍ വളരെയധികം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അല്ലാത്തപക്ഷം അവനെ ടീമില്‍ എടുക്കരുത്,’ അഭിഷേക് നായര്‍ കൂട്ടിച്ചേര്‍ത്തു.
പരമ്പരയില്‍ മോശം പ്രകടനമാണ് പുറത്തെടുത്തതെങ്കിലും ഒരു കരിയര്‍ മൈല്‍സ്റ്റോണ്‍ പിന്നിടാന്‍ ഈ പര്യടനത്തിലൂടെ സഞ്ജുവിന് സാധിച്ചിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 6,000 റണ്‍സ് എന്ന മാര്‍ക് പിന്നിട്ടാണ് സഞ്ജു കയ്യടി നേടിയത്.
ഈ നേട്ടം കൈപ്പിടിയിലൊതുക്കുന്ന 13ാമത് ഇന്ത്യന്‍ താരവും 61ാമത് താരവുമാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ മത്സരത്തില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നലെയാണ് സഞ്ജുവിനെ തേടി ഈ റെക്കോഡ് എത്തിയിരിക്കുന്നത്.
246 മത്സരങ്ങളിലെ 237 ഇന്നിങ്സുകളില്‍ നിന്നുമായി 6,011 റണ്‍സാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 28.35 എന്ന ശരാശരിയിലും 132.95 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് സാംസണ്‍ 6,000 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുന്നത്.
Content highlight: Former Indian star Abhishek Nair backs Sanju Samson