ഐ.പി.എല്ലിന് ശേഷം നടക്കുന്ന ഇന്ത്യ – ദക്ഷണാഫ്രിക്കന്‍ പരമ്പയില്‍ പയറ്റേണ്ട തന്ത്രങ്ങളെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ദക്ഷിണാഫ്രിക്ക അവരുടെ ടോപ്പ് സ്റ്റാറുകളെയാണ് പരമ്പയില്‍ ഇറക്കുന്നതെങ്കില്‍ ഇന്ത്യയും അത്തരത്തിലുള്ള ടീമിനെ സജ്ജമാക്കണമെന്നും, രണ്ടാം ടീമിനെ അയക്കരുതെന്നുമാണ് ചോപ്ര പറയുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരം തന്റെ പദ്ധതിയെ കുറിച്ച് പറയുന്നത്.
‘ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി ഇന്ത്യയുടെ രണ്ടാം ടീമിനെ ഇറക്കി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു പരീക്ഷണത്തിനാണ് ഇന്ത്യ മുതിരുന്നതെങ്കില്‍ ഒന്നുകൂടി ചിന്തിക്കണം.
ഒരു സാധാരണ ടീമിനെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറക്കുന്നതെങ്കില്‍ അവര്‍ ഇന്ത്യയുടെ കൈകള്‍ കെട്ടിയട്ട് സുഖസുന്ദരമായി പരമ്പര നേടും. ഇന്ത്യ കഴിയുന്നതും എല്ലാവരെയും ഇറക്കി വേണം പരമ്പരയ്ക്കിറങ്ങാന്‍,’ ചോപ്ര പറയുന്നു.
പരിക്കേറ്റ രവീന്ദ്ര ജഡേജ, സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍ എന്നിവരെ ഒന്നും ടീമില്‍ എടുക്കരുതെന്നും ഇന്ത്യയുടെ ടോപ് പ്ലെയേഴ്‌സിനെ തന്നെ കളത്തിലിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സെലക്ടര്‍മാരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ അവര്‍ വിശ്രമിക്കാന്‍ അനുവദിക്കാതെ കളിപ്പിക്കുന്നുണ്ടെങ്കില്‍ നമ്മളും അതുതന്നെ ചെയ്യണം.
നമ്മുടെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും വിശ്രമം അനുവദിക്കരുത്. നിങ്ങള്‍ ഇതിനെ ലാഘവത്തോടെയാണ് കാണുന്നതെങ്കില്‍ നാട്ടില്‍ നമുക്ക് പരമ്പര തോല്‍ക്കേണ്ടി വരും,’ ചോപ്ര പറഞ്ഞു.
ഐ.സി.സി ടി-20 ലോകകപ്പിന് മുന്നോടിയായി 5 ട്വന്റി – ട്വന്റി മത്സരങ്ങളുടെ പരമ്പരയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ജൂണ്‍ 9 മുതലാണ് പരമ്പര അരങ്ങേറുന്നത്.
ഇന്ത്യയ്‌ക്കെതിരായ ടീമിനെ സൗത്ത് ആഫ്രിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിരവധി സര്‍പ്രൈസുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു പ്രോട്ടീസ് ടി-20 പരമ്പരയ്ക്കുള്ള ടീമിനെ കളത്തിലിറക്കുന്നത്.
നായകനായി തെംബ ബെവുമയെയും ഐ.പി.എല്ലിലെ സൂപ്പര്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മര്‍ക്രം, ആന്റിച്ച് നോര്‍ട്‌ജെ, ലുംഗി എംഗിഡി, കഗീസോ റബാദ തുടങ്ങിയ താരങ്ങളെ അണിനിരത്തിയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കെതിരെ പടയൊരുക്കം നടത്തുന്നത്.
ദക്ഷിണാഫ്രിക്കന്‍ സ്‌ക്വാഡ്:
തെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റന്‍ ഡി കോക്ക്, റീസ ഹെന്റിക്‌സ്, ഹെന്റിച് ക്ലാസന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുംഗി എംഗിഡി, ആന്റിച്ച് നോര്‍ട്‌ജെ, വെയ്ന്‍ പാര്‍ണല്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കഗിസോ റബാദ, ടബ്രിസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, റസ്സി വാന്‍ ഡെര്‍ ഡസ്സന്‍, മാര്‍ക്കോ ജെന്‍സന്‍.