| Thursday, 5th May 2022, 1:58 pm

സണ്‍റൈസേഴ്‌സിനെതിരെ കളിക്കുമ്പോള്‍ അവന് ഭ്രാന്താവും, സകല ദേഷ്യവും അടിച്ച് തീര്‍ക്കാനായാവും അവനെത്തുക; വാര്‍ണറിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ വ്യാഴാഴ്ച നടക്കുന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരമാണ് ക്രിക്കറ്റ് ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നത്, അതിന് കാരണം ഡേവിഡ് വാര്‍ണറും.

2014 മുതല്‍ കളിച്ചു വന്ന, താന്‍ നായകനായ, കിരീടം നേടിക്കൊടുത്ത ടീമിനെതിരെ വാര്‍ണര്‍ കളിക്കുന്നു എന്നതാണ് ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

എന്നാല്‍, സണ്‍റൈസേഴ്‌സുമായുള്ള പടലപ്പിണക്കവും ട്വിറ്ററിലെ വാക്‌പോരും തുടങ്ങി വാര്‍ണര്‍ ടീം വിട്ടുപോയതടക്കം ആരാധകരുടെ മനസിലുണ്ട്. വാര്‍ണറിനും ടീം മാനേജ്‌മെന്റിനും പരസ്പരമുള്ള ദേഷ്യം ഗ്രൗണ്ടില്‍ കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഒരുപോലെ കണക്കുകൂട്ടുന്നത്.

എന്നാലിപ്പോള്‍, സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ സകല ദേഷ്യവും മനസില്‍ വെച്ചാവും വാര്‍ണര്‍ കളിക്കാനിറങ്ങുക എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗള.

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ചൗള ഇക്കാര്യം പറഞ്ഞത്.

‘കഴിഞ്ഞ സീസണില്‍ സംഭവിച്ചത് പോലെയാണെങ്കില്‍, മനസില്‍ പക നിറച്ചാവും അവന്‍ ബാറ്റ് ചെയ്യാനിറങ്ങുക,’ ചൗള പറയുന്നു.

മോശം ഫോമിനെ തുടര്‍ന്ന് വാര്‍ണറെ എസ്.ആര്‍.എച്ച് കഴിഞ്ഞ സീസണില്‍ മാറ്റി നിര്‍ത്തിയിരുന്നു. ഇതിനുപിന്നാലെ രൂക്ഷവിമര്‍ശനമായിരുന്നു ടീമിന് നേരിടേണ്ടി വന്നത്. താന്‍ ഇനി സണ്‍റൈസേഴ്സിലേക്കില്ല എന്ന് വാര്‍ണര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2014 മുതല്‍ ടീമിന്റെ ഭാഗമായിരുന്നു വാര്‍ണര്‍. നാല് സീസണുകളില്‍ ടീമിനെ നയിച്ച താരം ഒരിക്കല്‍ ടീമിന് കിരീടവും നേടിക്കൊടുത്തിരുന്നു. മറ്റൊരു സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കാനും വാര്‍ണറിന് സാധിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ നായകനായി തുടങ്ങിയെങ്കിലും ആറ് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമായിരുന്നു വാര്‍ണറിന് കീഴില്‍ ടീമിന് നേടാനായത്. ഇതിന് പിന്നാലെ വാര്‍ണറിനെ നായകസ്ഥാനത്ത് നിന്നും മാറ്റുകയും പകരം കെയ്ന്‍ വില്യംസണെ നായകനാക്കുകയുമായിരുന്നു.

ടൂര്‍ണമെന്റിന്റെ രണ്ടാം പാദത്തില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നെങ്കിലും മോശം ഫോമിനെ തുടര്‍ന്ന് പുറത്താവുകയായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്നുമായി 185 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

വെറും മൂന്ന് ജയവുമായി പട്ടികയില്‍ അവസാനക്കാരായിട്ടായിരുന്നു സണ്‍റൈസേഴ്സ് ടൂര്‍ണമെന്റ് ഫിനിഷ് ചെയ്തത്. ടീമിന്റെയും തന്റെയും മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ വരുന്ന സീസണില്‍ തന്നെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയേക്കില്ലെന്ന് വാര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ കൊണ്ടും കൊടുത്തും വാര്‍ണറും സണ്‍റൈസേഴ്‌സും സമൂഹമാധ്യമങ്ങളില്‍ ഏറ്റുമുട്ടിയിരുന്നു.

നിലവില്‍, 9 മത്സരത്തില്‍ നിന്നും 5 ജയവുമായി പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് സണ്‍റൈസേഴ്‌സ്. നാല് ജയവും അഞ്ച് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് ക്യാപ്പിറ്റല്‍സ്.

Content Highlight: Former Indian Spinner Piyush Chawla says David Warner might carry some grudges when he play against SRH

We use cookies to give you the best possible experience. Learn more