| Monday, 6th February 2023, 11:05 pm

രാഹുല്‍ നല്ല കളിക്കാരനൊക്കെ തന്നെ, പക്ഷേ പരമ്പര നേടണമെങ്കില്‍ അവന്‍ തന്നെ വരണം; ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത കാലത്ത് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ ഫോമുമായി തിളങ്ങുന്ന ഇന്ത്യന്‍ താരമാണ് ശുഭ്മാന്‍ ഗില്‍. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ നിര്‍ണായക സാന്നിധ്യമായി ഗില്‍ മാറിയിരുന്നു. ഒടുവില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ടി-20 പരമ്പരയില്‍ ഗില്ലായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

ന്യൂസിലാന്‍ഡിനെതാരായ അങ്കത്തിന് ശേഷം ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കൊരുങ്ങുന്ന ഇന്ത്യയുടെ ഓപ്പണറായി ഗില്‍ ഇറങ്ങണം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. കെ.എല്‍. രാഹുലിന് പകരം ഗില്‍ ഓപ്പണിങ് ബാറ്ററായി ഇറങ്ങണം എന്നാണ് ഹര്‍ഭജന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗില്‍ ഇപ്പോള്‍ മികച്ച ഫോമിലാണെന്നും ഈ നില തുടരുകയാണെങ്കില്‍ അവന്‍ ഇന്ത്യക്കായി സ്‌കോര്‍ വാരിക്കൂട്ടുമെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഹര്‍ഭജന്‍ പറഞ്ഞു.

‘ഓപ്പണിങ് കൂട്ടുകെട്ടാണ് ഏറ്റവും പ്രധാനം. ഏത് പരമ്പരയിലും ഒപ്പണര്‍മാരാണ് ടോണ്‍ സെറ്റ് ചെയ്യുന്നത്. എന്റെ അഭിപ്രായത്തില്‍ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ രോഹിത്തും ഗില്ലും ഒപ്പണര്‍മാരാവണം. ഗില്‍ ഇപ്പോള്‍ മികച്ച ഫോമിലാണ്. കെ.എല്‍. രാഹുല്‍ മികച്ച കളിക്കാരനൊക്കെ തന്നെയാണ്. എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഫോം അത്ര നല്ലതല്ല. ഗില്‍ അടുത്ത കാലത്തായി നിരവധി റെക്കോഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്.

ടെസ്റ്റ് പരമ്പര സ്വന്തമാക്കണമെങ്കില്‍ രോഹിത്തിനൊപ്പം ഗില്‍ ഓപ്പണിങ് ബാറ്ററാവണം. ഒരു ഗെയിമില്‍ മാത്രമൊതുങ്ങാതെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ അവന് യോഗ്യതയുണ്ട്. സീരിസ് മുഴുവന്‍ ശുഭ്മാനെ ഇന്ത്യ ഒപ്പം നിര്‍ത്തണം. നിലവിലുള്ള ഫോം തുടരുകയാണെങ്കില്‍ ഗില്‍ ഇന്ത്യക്കായി റണ്‍സ് വാരിക്കൂട്ടും,’ ഹര്‍ഭജന്‍ പറഞ്ഞു.

ഫെബ്രുവരി ഒമ്പതിന് വിദര്‍ഭയില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. നാല് മത്സരങ്ങളാണ് ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇന്ത്യക്ക് കളിക്കണമെങ്കില്‍ വന്‍ മാര്‍ജിനില്‍ ഈ സീരീസ് ജയിക്കേണ്ടത് അത്യാവശ്യമാണ്. ഡബ്ല്യൂ.ടി.സി സൈക്കിളിലെ ഇന്ത്യയുടെ അവസാന പരമ്പരയാണിത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കുക. ഒന്നാം സ്ഥാനത്തുള്ള ഓസീസ് ഇതിനോടകം തന്നെ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും ഫൈനലില്‍ പ്രവേശിക്കാന്‍ തുല്യ സാധ്യതയാണ് കല്‍പിക്കപ്പെടുന്നത്. അതിനാല്‍ തന്നെ വിജയം മാത്രമേ ഇന്ത്യക്ക് മുമ്പിലുള്ളൂ.

Content Highlight: Former Indian spinner Harbhajan Singh says that shubman Gill should be India’s opener

We use cookies to give you the best possible experience. Learn more