രോഹിത്തിനേം ദ്രാവിഡിനേം എടുത്ത് പുറത്ത് കളയ്, പകരം ഹര്‍ദിക്കും നെഹ്‌റയും വരട്ടെ; പ്രസ്താവനയുമായി ഇന്ത്യന്‍ ഇതിഹാസ താരം
Sports News
രോഹിത്തിനേം ദ്രാവിഡിനേം എടുത്ത് പുറത്ത് കളയ്, പകരം ഹര്‍ദിക്കും നെഹ്‌റയും വരട്ടെ; പ്രസ്താവനയുമായി ഇന്ത്യന്‍ ഇതിഹാസ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th November 2022, 3:40 pm

ടി-20 ലോകകപ്പ് സെമി ഫൈനലിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിനും ബി.സി.സി.ഐക്കും നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ ചില്ലറയല്ല.

ബി.സി.സി.ഐയുടെ തലപ്പത്ത് വമ്പന്‍ അഴിച്ചുപണി നടത്തിയത് ഇങ്ങനെ നാണംകെട്ട് തോല്‍ക്കാനാണോ എന്നും ക്രിക്കറ്റിനെ കുറിച്ച് സാമാന്യബോധം പോലും ഇല്ലാത്തവര്‍ മാനേജ്‌മെന്റിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ വന്നാല്‍ ഫലം ഇങ്ങനെയാകുമെന്നും ആരാധകര്‍ പരസ്യവിമര്‍ശനമുന്നയിക്കുന്നുണ്ട്.

ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ആ സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് കളിക്കുന്ന രീതിയാണ് ടി-20യില്‍ അവലംബിച്ചതെന്നാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ലോകകപ്പില്‍ തോറ്റതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന് വാദിക്കുന്നവരും നിരവധിയാണ്.

ഇന്ത്യന്‍ ടി-20 ടീമിന്റെ കാര്യത്തില്‍ മൊത്തത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും സ്റ്റാര്‍ സ്പിന്നറുമായ ഹര്‍ഭജന്‍ സിങ്.

ഐ.പി.എല്ലില്‍ തങ്ങളുടെ കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കിയ ഹര്‍ദിക് പാണ്ഡ്യ – ആശിഷ് നെഹ്‌റ കോംബോയെ ടി-20യില്‍ പരീക്ഷിക്കണമെന്നാണ് ഭാജി ആവശ്യപ്പെടുന്നത്.

ഐ.പി.എല്ലിന്റെ സമയത്ത് തന്നെ ആശിഷ് നെഹ്‌റയുടെ കോച്ചിങ് രീതി ഏറെ അഭിനന്ദനമേറ്റുവാങ്ങിയതാണ്. താരങ്ങള്‍ക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കുകയും അവരുടെ ഫുള്‍ പൊട്ടെന്‍ഷ്യലും പുറത്തെടുക്കാന്‍ അവസരം നല്‍കുകയും ചെയ്താണ് ഗുജറാത്ത് ടൈറ്റന്‍സിനെ നെഹ്‌റ മുന്നോട്ട് കൊണ്ടുപോയത്.

‘അന്താരാഷ്ട്ര ടി-20യില്‍ നമുക്ക് ഒരു പുതിയ സമീപനം ആവശ്യമാണ്. ഹര്‍ദിക് പാണ്ഡ്യ മികച്ച ഒരു സ്‌കിപ്പറാണ്. ആശിഷ് നെഹ്‌റ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി ചെയ്തതെന്താണെന്ന് നമ്മളെല്ലാവരും കണ്ടതുമാണ്.

രാഹുല്‍ ദ്രാവിഡ് ഒരു മികച്ച പരിശീലകന്‍ തന്നെയാണ്. ഞാന്‍ അദ്ദേഹത്തിനൊപ്പം ഒരുപാട് കളിച്ചതുമാണ്. പക്ഷേ ഷോര്‍ട്ടസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കിപ്പോള്‍ ആവശ്യം ഒരു പുതിയ കോച്ചിനെയും ക്യാപ്റ്റനെയുമാണ്. അവര്‍ രണ്ടുപേരും ആ സ്ഥാനങ്ങളില്‍ വരുന്നത് എന്തുകൊണ്ടും ഇന്ത്യക്ക് നല്ലതാണ്,’ ഹര്‍ഭജന്‍ പറയുന്നു.

2022ല്‍ ആദ്യമായാണ് ഗുജറാത്ത് ടൈറ്റന്‍സ് ഐ.പി.എല്‍ കളിക്കാനിറങ്ങിയത്. ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായും നെഹ്‌റയെ കോച്ചായും പ്രഖ്യാപിച്ചതോടെ ഗുജറാത്ത് ഒന്നും തന്നെ നേടാന്‍ പോകുന്നില്ലെന്ന് പലരും വിധിയെഴുതിയിരുന്നു.

 

എന്നാല്‍ കലാശപ്പോരാട്ടത്തില്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി ചാമ്പ്യന്‍മാരായിട്ടായിരുന്നു നെഹ്‌റയും പാണ്ഡ്യയും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

 

Content highlight: Former Indian spinner Harbhajan Singh says India should appoint Hardik Pandya and Ashish Nehra as captain and coach