ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൂര്യകുമാർ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരുന്നു. 37 പന്തിൽ പുറത്താവാതെ 72 റൺസാണ് താരം നേടിയത്. ആറ് ഫോറുകളുടെയും ആറ് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു സ്കൈയുടെ തകർപ്പൻ ഇന്നിങ്‌സ്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും വേഗതയേറിയ ഏകദിന അർധസെഞ്ച്വറിയും കൂടിയായിരുന്നു ഇത്. ഈ ഇന്നിങ്സിന് പിന്നാലെ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്.
ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിരസാന്നിധ്യമാവും സൂര്യകുമാർ യാദവ് എന്നാണ് ഹർഭജൻ പറഞ്ഞത്.
‘സൂര്യകുമാർ ലോകകപ്പിലെ എല്ലാ മത്സരവും കളിക്കണം. അവൻ ആരുടെ സ്ഥാനത്താണ് കളിക്കേണ്ടത് എന്നെനിക്കറിയില്ല എന്നാൽ ആദ്യം എഴുതേണ്ട പേര് അവന്റെയാണ്. അതിന് ശേഷമാണ് മറ്റുള്ളവരുടെ പേര് എഴുതേണ്ടത്. ഒരു മത്സരത്തിന്റെ ഗതി പൂർണമായും മാറ്റാൻ കഴിവുള്ള താരമാണ് സൂര്യകുമാർ യാദവ്. അവൻ മികച്ച പ്രകടനം നടത്തുമ്പോൾ മത്സരം ഏകപക്ഷീയമായി മാറും. അദ്ദേഹത്തിന് മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യാനുള്ള കഴിവുണ്ട്. ഫിനിഷർമാരിൽ ഞങ്ങൾക്ക് ഹർദിക് പാണ്ഡ്യയും ജഡേജയും ഒക്കെയുണ്ടെങ്കിലും സൂര്യ അഞ്ചാം നമ്പറിൽ കളിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം എല്ലാ മത്സരങ്ങളും കളിക്കണം മറ്റുള്ളവരുടെ ടീമുകളിൽ ഒന്നും അദ്ദേഹത്തെക്കാൾ മികച്ച കളിക്കാരില്ല,’ ഹർഭജൻ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
2021ൽ ഏകദിനത്തിൽ അരങ്ങേറിയ താരം 29 മത്സരങ്ങളിൽ നിന്നും 659 റൺസ് നേടിയിട്ടുണ്ട്. ലോകകപ്പിലും സ്കൈയുടെ ബാറ്റിൽ നിന്നും റൺ ഒഴുകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഓസ്ട്രേലിയക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ത്തിന് സ്വന്തമാക്കി. സെപ്റ്റംബർ 27ന് രാജ്‌കോട്ടിലാണ് അവാസാന ഏകദിനം.
Content Highlight: Former Indian spinner Harbhajan Singh praised Indian Suryakumar Yadav’s batting performances.