അശ്വിനെ ടീമിൽ നിന്നും ഒഴിവാക്കിയതിന് പിന്നിൽ കാരണങ്ങളുണ്ട് ; മുൻ ഇന്ത്യൻ സ്പിന്നർ
Cricket
അശ്വിനെ ടീമിൽ നിന്നും ഒഴിവാക്കിയതിന് പിന്നിൽ കാരണങ്ങളുണ്ട് ; മുൻ ഇന്ത്യൻ സ്പിന്നർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st September 2023, 11:31 am

രവിചന്ദ്രൻ അശ്വിനെ ഇത്രയും കാലം ഇന്ത്യൻ ഏകദിന ടീമിൽ നിന്നും ഒഴിവാക്കിയതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര.

നീണ്ട ഇടവേളക്ക് ശേഷം ഓസ്ട്രേലിയയുമായുള്ള പരമ്പരക്കുള്ള സ്‌ക്വാഡിൽ അശ്വിൻ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് അശ്വിനെ ഒഴിവാക്കുന്നതിന്റെ കാരണം പറഞ്ഞ് മിശ്ര രംഗത്തെത്തിയത്.

അശ്വിന്റെ ഫീൽഡിങ് മോശമായത് കൊണ്ടാണ് താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയതെന്നാണ് അമിത് പറഞ്ഞത്.

 

‘അശ്വിൻ മികച്ച ബൗളറും വിക്കറ്റ് വേട്ടക്കാരനുമാണ്. എന്നാൽ ഇത് 20 ഓവർ ഫോർമാറ്റ് അല്ല 50 ഓവർ ആണ്. അശ്വിൻ പത്ത് ഓവർ ബൗളിങ് ചെയ്താൽ ബാക്കി 40 ഓവർ ഫീൽഡ് ചെയ്യേണ്ടിവരും. അദ്ദേഹം ഇത്രയും കാലം ടീമിനൊപ്പം ഉണ്ടായിരുന്നു എങ്കിലും ഫീൽഡിങ്ങിന്റെ കാര്യം കൂടി നോക്കണം. അതിനാലാണ് യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്നത്’, മിശ്ര സ്റ്റാർസ്പോർട്സിനോട് പറഞ്ഞു.

‘ഓസ്ട്രേലിയയുമായുള്ള പരമ്പരയിൽ അദ്ദേഹത്തിന് വിക്കറ്റുകൾ വീഴ്ത്താൻ കഴിവുണ്ടോ എന്ന് നോക്കാനും ടീമിന് സാധിക്കും. എന്നാൽ ഫീൽഡിങ് എന്ന ഒറ്റ കാരണം കൊണ്ടാണ് അദ്ദേഹം ടീമിൽ ഇല്ലാത്തത്, ‘മിശ്ര കൂട്ടിചേർത്തു.

നീണ്ട ഇടവേളക്ക് ശേഷമാണ് അശ്വിൻ ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരിച്ചു വരുന്നത്. ഈ തിരിച്ചു വരവ് ആരാധകരെയും ക്രിക്കറ്റ്‌ വിദഗ്ധരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.

2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ആണ് താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഏകദിനം കളിച്ചത്. ഏഷ്യാ കപ്പിൽ പരിക്കേറ്റ അക്സർ പട്ടേലിന് പകരമായിട്ടാണ് അശ്വിൻ ടീമിൽ ഇടംനേടിയത്.

ഇന്ത്യക്കായി 2010 ൽ ഏകദിനത്തിൽ അരങ്ങേറിയ അശ്വിൻ 113 മത്സരങ്ങളിൽ നിന്നും 152 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 22, 24, 27 തീയതികളിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരങ്ങൾ നടക്കുക.

Content Highlight: Former Indian spinner explains why Ashwin was left out of the Indian ODI team.