| Thursday, 23rd March 2023, 7:35 pm

കോഹ്‌ലിക്ക് കുറച്ച് നേരം കൂടി ക്രീസില്‍ നിന്നാലെന്താ? പരമ്പര കൈവിട്ടതിന് പിന്നാലെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ തോല്‍വി വഴങ്ങിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അടിയറവ് വെച്ചിരിക്കുകയാണ് ടീം ഇന്ത്യ. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 21 റണ്‍സിനാണ് ഓസീസ് ജയം പിടിച്ചെടുത്തത്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മിച്ചല്‍ മാര്‍ഷിന്റെയും അലക്‌സ് കാരിയുടെയും ബാറ്റിങ് മികവില്‍ 269 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനെത്തിയ ഇന്ത്യയുടെ പോരാട്ടം 248 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയും 40 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. എങ്കിലും 21 റണ്‍സ് അകലെ പോരാട്ടം അവസാനിപ്പിച്ച് ഇന്ത്യന്‍ താരങ്ങള്‍ കൂടാരം കയറി.

ഫിഫ്റ്റി നേടിയെങ്കിലും ടീം തോല്‍ക്കാന്‍ കാരണമായത് വിരാട് കോഹ്‌ലിയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് കൈഫും ദീപ് ദാസ് ഗുപ്തയും. വിരാട് അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് വിക്കറ്റ് കളഞ്ഞതെന്നും ടീം നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത് താരം കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ ബാറ്റേന്തണമെന്നുമാണ് കൈഫ് പറഞ്ഞത്.

‘വിരാടിന്റെയും സൂര്യകുമാറിന്റെയും വിക്കറ്റുകളാണ് കളി ഇന്ത്യയുടെ കയ്യില്‍ നിന്നും തട്ടിയെടുത്തത്. അനാവശ്യ ഷോട്ടിന് മുതിര്‍ന്നാണ് കോഹ്‌ലി ഔട്ട് ആയത്,’ കൈഫ് പറഞ്ഞു.

വിരാട് ക്രീസില്‍ കുറച്ചു നേരം കൂടി നിന്നിരുന്നെങ്കില്‍ കളിയുടെ ഗതി മാറിയേനെ എന്നാണ് ദീപ് ദാസ് ഗുപ്ത അഭിപ്രായപ്പെട്ടത്.

‘അനാവശ്യ ഷോട്ടിന് ശ്രമിക്കാതെ അയാള്‍ക്ക് കുറച്ച് നേരം കൂടി ക്രീസില്‍ നില്‍ക്കാമായിരുന്നു. ഹാര്‍ദ്ദികിന് മേല്‍ വലിയ സമ്മര്‍ദ്ദമാണ് വിരാടിന്റെ വിക്കറ്റ് ഉണ്ടാക്കിയത്. കുറച്ച് നേരം കൂടി ക്രീസിലുണ്ടായിരുന്നെങ്കില്‍ ചിത്രം മറ്റൊന്നായേനേ,’ ദീപ് ദാസ് ഗുപ്ത പറഞ്ഞു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് സീരിസ് ട്രോഫി നേടാനായതോടെ ആത്മവിശ്വാസത്തിലായിരുന്ന ടീമിന് ഏകദിന പരമ്പര കൈവിട്ടത് വലിയ നാണക്കേടാണുണ്ടാക്കിയിട്ടുള്ളത്. ഇന്ത്യന്‍ ടി-20 സ്‌പെഷ്യലിസ്റ്റായിരുന്ന സൂര്യകുമാറിന്റെയടക്കം പലരുടെയും പ്രകടനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ് പരമ്പര കഴിയുമ്പോള്‍ ബാക്കിയാവുന്നത്.

Content Highlight: former indian players slams virat kohli

We use cookies to give you the best possible experience. Learn more