| Wednesday, 26th March 2025, 5:22 pm

അവന്റെ ക്യാപ്റ്റന്‍സി മികച്ചതല്ല, അവന്‍ ഒട്ടും തയ്യാറായിരുന്നില്ല; യുവ നായകനെ വിമര്‍ശിച്ച് സെവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സ് തോല്‍വിയോടെയാണ് സീസണ്‍ ആരംഭിച്ചിരിക്കുന്നത്. സ്വന്തം തട്ടകമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനാണ് ടൈറ്റന്‍സ് പഞ്ചാബിനോട് പരാജയപ്പെട്ടത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറി പ്രകടനവും അരങ്ങേറ്റക്കാരന്‍ പ്രിയാന്‍ഷ് ആര്യയുടെയും ശശാങ്ക് സിങിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്.

ബൗളിങ്ങില്‍ പഞ്ചാബിനെതിരെ മികച്ച തുടക്കമാണ് ഗുജറാത്തിന് ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ പഞ്ചാബ് ഓപ്പണര്‍ സൂപ്പര്‍ താരം പ്രഭ് സിമ്രാന്‍ സിങ്ങിന്റെ വിക്കറ്റ് വീഴ്ത്തിയിരുന്നു. അഞ്ച് റണ്‍സ് എടുത്ത താരത്തെ കഗിസോ റബാദയാണ് പുറത്താക്കിയത്.

എന്നാല്‍ തുടക്കം മുതലാക്കാന്‍ ടൈറ്റന്‍സിനായില്ല. പിന്നീട് ബൗളര്‍മാരെ പഞ്ചാബ് ബാറ്റര്‍മാര്‍ ഗ്രൗണ്ടിന്റെ അടിച്ചൊതുക്കുന്ന കാഴ്ചയാണ് കണ്ടത്. മധ്യ ഓവറില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി സ്‌കോറിങ് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സായ് കിഷോറാണ് ബൗളര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.

മറുപടി ബാറ്റിങ്ങിന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല.

ഇപ്പോള്‍ ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദ്ര സെവാഗ്. ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി മികച്ചതല്ലെന്നും അവന്‍ ഒട്ടും തയ്യാറല്ലായിരുന്നുവെന്നും സെവാഗ് പറഞ്ഞു. സിറാജ് നന്നായി പന്തെറിഞ്ഞപ്പോള്‍ പവര്‍പ്ലേയില്‍ അടി വാങ്ങിയ അര്‍ഷാദ് ഖാനെ കൊണ്ടുവന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസ്സില്‍ സംസാരിക്കുകയായിരുന്നു സെവാഗ്.

‘ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി വേണ്ട വിധം മികച്ചതല്ലെന്ന് ഞാന്‍ കരുതുന്നു. അവന്‍ ഒട്ടും തയ്യാറല്ലായിരുന്നു. മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചില്ല. സിറാജ് നന്നായി പന്തെറിഞ്ഞപ്പോള്‍, ഗില്‍ അര്‍ഷാദ് ഖാനെ കൊണ്ടുവന്നു. പവര്‍പ്ലേയില്‍ 21 റണ്‍സ് വഴങ്ങിയ അര്‍ഷാദ് ഖാനെയാണ് അവന്‍ പന്തേല്‍പ്പിച്ചത്. ആ ഓവറാണ് കളിയുടെ ഗതി മാറ്റിയത്.

സിറാജ് ന്യൂ ബോളില്‍ നന്നായി പന്തെറിയുന്നുണ്ടെങ്കില്‍, ഡെത്ത് ഓവറുകളിലേക്കായി അദ്ദേഹത്തെ പിടിച്ചു വെക്കുന്നതില്‍ അര്‍ത്ഥമില്ല. അവസാനം അദ്ദേഹവും അടി വാങ്ങി,’ സെവാഗ് പറഞ്ഞു.

തന്റെ ബൗളര്‍മാരില്‍ ഒരാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് കൂടുതല്‍ സ്‌പെല്‍ നല്‍കേണ്ടതുണ്ടെന്ന് മനസിലാക്കാനുള്ള കഴിവ് ഒരു ക്യാപ്റ്റന് ഉണ്ടായിരിക്കണമെന്ന് സെവാഗ് കൂട്ടിച്ചേര്‍ത്തു.

‘തന്റെ ബൗളര്‍മാരില്‍ ഒരാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് കൂടുതല്‍ സ്‌പെല്‍ നല്‍കേണ്ടതുണ്ടെന്ന് മനസിലാക്കാനുള്ള കഴിവ് ഒരു ക്യാപ്റ്റന് ഉണ്ടായിരിക്കണം,’ സെവാഗ് കൂട്ടിച്ചേര്‍ത്തു.

content highlights: Former Indian player Virendra Sehwag is talking about the captaincy of  Shubman Gill.

We use cookies to give you the best possible experience. Learn more