| Wednesday, 6th November 2024, 10:42 am

ഒരു പരിശീലകനും തോല്‍ക്കാന്‍ ആഗ്രഹിക്കില്ല, അവനൊരു പോരാളിയാണ്; ഗംഭീറിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിലും ഇന്ത്യ ദയനീയമായി പരാജയപ്പെടുകയായിരുന്നു. വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.

ഇന്ത്യയുടെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനമേറ്റതോടെ ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിലും ഇപ്പോള്‍ സ്വന്തം മണ്ണില്‍ കിവീസിനെതിരെയുള്ള ടെസ്റ്റിലും ഇന്ത്യ തോല്‍വി വഴങ്ങി. ഇതോടെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ള മുന്‍ താരങ്ങള്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ വിമര്‍ശിച്ചിരുന്നു.

(മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി)

ഇപ്പോള്‍ ഗംഭീറിന് പിന്തുണയുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി. ഒരു പരിശീലകന്‍ ഒരിക്കലും തോല്‍വി ആഗ്രഹിക്കില്ലെന്നും ഗംഭീറിന് സമയം ആവശ്യമാണെന്നുമാണ് ജോഷി പറഞ്ഞത്. മാത്രമല്ല വെറും രണ്ട് പരമ്പരകൊണ്ട് ഗംഭീറിനെ വിലയിരുത്താന്‍ സാധിക്കില്ലെന്നും ജോഷി പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി ഗംഭീറിനെക്കുറിച്ച് പറഞ്ഞത്

‘ഗൗതം ഗംഭീര്‍ ഒരു പോരാളിയാണ്, ഗെയിമിനോടും ടീമിനോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ നിങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ല. ഒരു പരിശീലകനും മത്സരങ്ങള്‍ തോല്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന് സമയം ആവശ്യമാണ്.

രണ്ട് പരമ്പരകള്‍ക്ക് ശേഷം നിങ്ങള്‍ അവനെ വിലയിരുത്തരുത്. ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം അദ്ദേഹം നിരാശനാകും. അവന്റെ മിടുക്കിനേയോ, പ്രതിബദ്ധതയേയോ ചോദ്യം ചെയ്യരുത്. അവന്‍ വിജയിക്കും. അതെനിക്കറിയാം. അവനും മറ്റ് പരിശീലകര്‍ക്കും സമയമാവശ്യമുണ്ട്. രണ്ട് വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് അവനെ ജഡ്ജ് ചെയ്യാന്‍ കഴിയില്ല,’ സുനില്‍ ജോഷി പറഞ്ഞു.

Content Highlight: Former Indian Player Sunil Joshi Support Gautham Gambhir

We use cookies to give you the best possible experience. Learn more