| Monday, 25th September 2023, 5:16 pm

ഒരു ഇരുന്നൂറ് റണ്‍സൊക്കെ നേടണം, കുറച്ചു വയസായാല്‍ ഇങ്ങനെ കളിക്കാനാകില്ല; ഇന്ത്യന്‍ യുവതാരത്തോട് സേവാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് മുന്നോടിയായുള്ള ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ യുവതാരം ശുഭ് മാൻ ഗിൽ തകർപ്പൻ സെഞ്ച്വറി നേടിയിരുന്നു. ഇൻഡോറിൽ നടന്ന രണ്ടാം ഏകദിനത്തിൽ 97 പന്തിൽ നിന്നും 104 റൺസാണ് ഗിൽ നേടിയത്. ആറ് ഫോറുകളുടെയും നാല് പടുകൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു ഈ അവിസ്‌മരണീയ ഇന്നിങ്‌സ്.

ഇതിനുപിന്നാലെ താരത്തിന്റ ഈ സെഞ്ച്വറി പ്രകടനത്തെ വിലയിരുത്തുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരെന്ദർ സെവാഗ്. സെഞ്ച്വറി നേടിയിട്ടും താരത്തിന് ഉയർന്ന സ്കോർ കണ്ടെത്താനുള്ള കഴിവുണ്ടെന്നും ഗിൽ ഈ ഇന്നിങ്സിൽ 200 റൺസ് സ്കോർ ചെയ്യാത്തതിന്റെ നിരാശ തനിക്കുണ്ടെന്നും സെവാഗ് പറഞ്ഞു.

‘അവന് ആദ്യ കളിയിൽ സെഞ്ച്വറി നഷ്ടമായി. എന്നാൽ ഗിൽ ഇപ്പോൾ സെഞ്ച്വറി നേടി തിരിച്ചു വന്നിരിക്കുകയാണ്. ഗിൽ ഫോമിൽ ഉള്ളപ്പോൾ 160 മുതൽ 180 റൺസ് വരെ നേടാൻ കഴിവുള്ള താരമാണ്. അവനിപ്പോൾ 25 വയസ്സുണ്ട് ഈ പ്രയത്തിൽ അവൻ 200 റൺസ് സ്കോർ ചെയ്താലും ക്ഷീണിതൻ ആവില്ല. അവൻ 30 വയസ്സ് പിന്നിടുമ്പോൾ ഇത്തരത്തിൽ ഉയർന്ന സ്കോർ ചെയ്യുക ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ഗിൽ ഈ സമയങ്ങളിൽ കൂടുതൽ റൺസ് സ്കോർ ചെയ്യുകയാണ് വേണ്ടത്, ‘ സെവാഗ് ക്രിക്ബസിനോട്‌ പറഞ്ഞു.

മത്സരത്തിൽ ഗില്ലിന് പുറമെ ശ്രേയസ് അയ്യരും സെഞ്ച്വറി നേടിയിരുന്നു. 90 പന്തിൽ 105 റൺസാണ് താരം നേടിയത്. 11 ഫോറും 3 സിക്സറും ഉൾപ്പെടുന്നതായിരുന്നു അയ്യറിന്റെ ഇന്നിങ്സ്. ഇവർക്കുപുറമെ ക്യാപ്റ്റൻ കെ.എൽ. രാഹുൽ 38 പന്തിൽ 52 റൺസും സൂര്യകുമാർ യാദവ് 37 പന്തിൽ 72 റൺസും നേടി വെടിക്കെട്ട് കാഴ്ചവെച്ചപ്പോൾ ഇന്ത്യൻ സ്കോർ 399ന് അവസാനിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഓസ്ട്രേലിയ 217 റൺസിന് പുറത്താക്കുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തികൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചു.

ഡേവിഡ് വാർണർ 53(39), സീൻ അബോട്ട് എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഡക്ക് – വർത്ത്‌- ലൂയിസ് സ്റ്റേണ് നിയമപ്രകാരം ഇന്ത്യ 99 റൺസിന് വിജയിക്കുകയും പരമ്പര 2-0 ത്തിന് സ്വന്തമാക്കുകയും ചെയ്തു.

സെപ്റ്റംബർ 27ന് രാജ്കോട്ടിലാണ് അവസാനത്തെ ഏകദിനം.

Content Highlight: Former Indian player Sehwag assessed Shubman Gill’s batting performance.

We use cookies to give you the best possible experience. Learn more