| Wednesday, 26th April 2023, 6:39 pm

രോഹിത് സ്വയം വില കളയുന്നു; ഇനിയുമിത് തുടര്‍ന്നാല്‍ മുംബൈയുടെ കാര്യം തീരുമാനമാവും; വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023 സീസണ്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് അത്ര ശുഭകരമല്ല. ഇത്തവണ കളിച്ച ഏഴ് മത്സരങ്ങളില്‍ ആകെ 181 റണ്‍സ് നേടാനേ രോഹിത്തിനായുള്ളൂ. 135 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത്തിന്റെ ആവറേജ് 25 ആണ്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നേടിയ 65 റണ്‍സാണ് സീസണിലെ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

അതിനിടെ ഗുജറാത്ത് ടൈറ്റന്‍സുമായി നടന്ന അവസാന മത്സരത്തിലും പതിവ് തെറ്റിക്കാതെ കൂടാരം കയറാനായിരുന്നു രോഹിത്തിന്റെ വിധി. ടോസ് നേടി ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച രോഹിത്തിന്റെ തീരുമാനങ്ങള്‍ തുടക്കത്തിലേ പാളിയിരുന്നു. ശുഭ്മന്‍ ഗില്ലിന്റെയും ഡേവിഡ് മില്ലറിന്റെയും ബാറ്റിങ് മികവില്‍ 20 ഓവറില്‍ 207 റണ്‍സാണ് ഗുജറാത്ത് നേടിയത്.

പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ പോരാട്ടം 152 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 40 റണ്‍സ് നേടിയ നേഹാല്‍ വദേരയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണറായി ഇറങ്ങിയ രോഹിത് ഒരിക്കല്‍ കൂടി പരാജയമാവുകയും ചെയ്തു. 8 പന്തുകള്‍ നേരിട്ട് വെറും രണ്ട് റണ്‍സാണ് താരം നേടിയത്. ഔട്ടായതിന് പിന്നാലെ രോഹിതിന്റെ റിയാക്ഷന്‍ കണ്ടാല്‍ തന്നെ ഫോമിന്റെ കാര്യത്തില്‍ താരം അനുഭവിക്കുന്ന ടെന്‍ഷന്‍ നമുക്ക് മനസിലാവും.

എന്നാലിപ്പോള്‍ രോഹിതിന്റെ കളിയില്‍ തന്റെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ബാറ്റിങ്ങില്‍ ഫോം കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ് രോഹിത്തെന്നും തുടര്‍ച്ചയായ മത്സരങ്ങളില്‍ ഒരേ രീതിയില്‍ വിക്കറ്റ് കളഞ്ഞ താരം സ്വന്തം വില കളഞ്ഞെന്നും ആകാശ് ചോപ്ര പറഞ്ഞു.

രോഹിത്തിന്റെ ബാറ്റില്‍ നിന്ന് മികച്ച ഇന്നിങ്‌സുകള്‍ കാണാനാണ് ആരാധകരടക്കം കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രോഹിത് ക്രീസില്‍ വ്യത്യസ്തമായി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അതിലൊന്നിലും വിജയിക്കുന്നില്ല. അവന്‍ സ്വയം വിലകളയുകയാണ്. എല്ലാ കളിയിലും ഒരേ പോലെയാണ് അവന്‍ ഔട്ടാവുന്നത്. ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ള താരമാണദ്ദേഹം. നമ്മള്‍ക്കും അവനില്‍ വലിയ പ്രതീക്ഷയാണുള്ളത്.

രോഹിത് മികച്ച ഇന്നിങ്‌സുകള്‍ കളിച്ച് റണ്‍സ് നേടുമെന്ന് നമ്മള്‍ കരുതുന്നു, പക്ഷെ അവന്‍ ഔട്ടായി പോകുന്നു. തുടര്‍ച്ചയായ വിക്കറ്റുകളും രോഹിതിന്റെ ഫോമില്ലായ്മയും മുംബൈയുടെ ഐ.പി.എല്‍ ഭാവി അവതാളത്തിലാക്കിയിരിക്കുകയാണ്,’ ആകാശ് ചോപ്ര പറഞ്ഞു.

Content Highlight: former indian player  says about rohith sharma

We use cookies to give you the best possible experience. Learn more