| Monday, 26th August 2024, 2:44 pm

ടെസ്റ്റിൽ സെവാഗിന് പകരക്കാരനായി ഇറങ്ങിയവൻ പിന്നീട് ടീമിൽ സ്ഥിരസാന്നിധ്യമായി: മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍താരം ശിഖര്‍ ധവാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ധവാന്റെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടറും 1983 ലോകകപ്പ് ജേതാവുമായ സന്ദീപ് പാട്ടീല്‍.

ധവാനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താന്‍ താന്‍ സമ്മര്‍ദം ചെലുത്തിയെന്നും ധവാന്‍ ആ അവസരം കൃത്യമായി വിനിയോഗിച്ചതില്‍ സന്തോഷമുണ്ടെന്നുമാണ് സന്ദീപ് പാട്ടീല്‍ പറഞ്ഞത്. മിഡ് ഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ശിഖറിന് ഫോം ഉണ്ടായിരുന്നു. താരങ്ങള്‍ മികച്ച പ്രകടനം നടത്തുന്ന കൃത്യസമയത്ത് അവരെ തെരഞ്ഞെടുക്കണം. യുവതാരങ്ങള്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന സമയത്ത് അവര്‍ക്ക് അവസരം നല്‍കാതിരിക്കുമ്പോള്‍ ആ താരങ്ങള്‍ക്ക് നിരാശ ഉണ്ടാകും. ഇതൊരു നല്ല കാര്യമല്ല. അതുകൊണ്ട് തന്നെ ധവാനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ എനിക്ക് സമ്മര്‍ദം ചെലുത്തേണ്ടി വന്നു. അദ്ദേഹം ലഭിച്ച അവസരം കൃത്യമായി ഉപയോഗപ്പെടുത്തി. അതിനാല്‍ അദ്ദേഹം എന്നെ നിരാശപ്പെടുത്താത്തതില്‍ എനിക്ക് സന്തോഷമുണ്ട്,’ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

2013ല്‍ മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ധവാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യ മത്സരത്തില്‍ തന്നെ 174 പന്തില്‍ 187 റണ്‍സ് നേടിക്കൊണ്ടാണ് ധവാന്‍ തിളങ്ങിയത്. അരങ്ങേറ്റ മത്സരത്തിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഈ നേട്ടം ഇപ്പോഴും മറ്റൊരു താരവും തകര്‍ത്തിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.

ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ വീരേന്ദര്‍ സെവാഗിന് പകരക്കാരനായാണ് ധവാന്‍ ഓസ്‌ട്രേലിയക്കെതിരെ തന്റെ ആദ്യ മത്സരത്തിനായി ഇറങ്ങിയത്. തന്റെ ആദ്യമത്സരത്തില്‍ തന്നെയുള്ള തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ധവാന്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇതിന് ശേഷം സെവാഗ് പിന്നീട് ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല എന്നതും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.

34 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിക്കൊണ്ട് 2315 റണ്‍സാണ് ധവാന്‍ നേടിയത്. താരം അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നത് 2018ലായിരുന്നു.

ടെസ്റ്റില്‍ മാത്രമല്ല ഏകദിനത്തിലും ടി-20യിലും ഒരു പിടി മികച്ച സംഭാവനകള്‍ നല്‍കാനും ധവാന് സാധിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 2010ല്‍ അരങ്ങേറ്റം കുറിച്ച ധവാന്‍ 167 മത്സരങ്ങളില്‍ നിന്നും 6793 റണ്‍സാണ് നേടിയിട്ടുള്ളത്.

13 സെഞ്ച്വറികളും 39 അര്‍ധസെഞ്ച്വറികളുമാണ് ധവാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. പിന്നീട് ഒരു വര്‍ഷത്തിനുശേഷം ടി-20യിലും താരം ഇന്ത്യക്കായി കളത്തിലിറങ്ങി. കുട്ടി ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ നിന്നും 1759 റണ്‍സാണ് താരം നേടിയത്. 11 ഫിഫ്റ്റിയും ധവാന്‍ ടി-20യില്‍ നേടിയിട്ടുണ്ട്.

Content Highlight: Former Indian Player Sandip Patil Talks About Shikhar Dhawan Test Debut

We use cookies to give you the best possible experience. Learn more