ഡീപ് ഫേക്കില്‍ കുടുങ്ങി മുന്‍ ഇന്ത്യന്‍ താരം സച്ചിന് ടെണ്ടുല്‍ക്കറും; സോഷ്യല്‍ മീഡിയ ജാഗ്രത പാലിക്കണമെന്ന് സച്ചിന്‍
national news
ഡീപ് ഫേക്കില്‍ കുടുങ്ങി മുന്‍ ഇന്ത്യന്‍ താരം സച്ചിന് ടെണ്ടുല്‍ക്കറും; സോഷ്യല്‍ മീഡിയ ജാഗ്രത പാലിക്കണമെന്ന് സച്ചിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th January 2024, 2:23 pm

ന്യൂദല്‍ഹി: സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട പരസ്യം ഡീപ് ഫേക്കാണെന്ന് റിപ്പോര്‍ട്ട്. ഡീപ് ഫേക്കില്‍ പ്രതിഷേധിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ രംഗത്തെത്തി.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡീപ് ഫേക്കിന്റെ ഗുണനിലവാരം നിങ്ങളെ എളുപ്പത്തില്‍ വഞ്ചിച്ചേക്കാമെന്ന് സച്ചിന്‍ മുന്നറിയിപ്പ് നല്‍കി. തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോകള്‍ കാണാനിടയായാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരാധകരോട് സച്ചിന്‍ ആവശ്യപ്പെടുകയും ചെയ്തു.

സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് സൃഷ്ടിക്കുന്ന ഇത്തരം വീഡിയോകളെ കുറിച്ച് ആളുകള്‍ മനസിലാക്കുകയും നിയമപരമായി റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്ന് മുന്‍ താരം എക്‌സിലൂടെ പറഞ്ഞു. സാങ്കേതിക വിദ്യയുടെ വ്യാപകമായ ദുരുപയോഗം കാണുമ്പോള്‍ വിഷമമുണ്ടെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഡീപ് ഫേക്കില്‍ ജാഗ്രത പാലിക്കുകയും പരാതികളോട് പ്രതികരിക്കുകയും വേണമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

തന്റെ മകള്‍ സാറ പോലും അടുത്ത ദിവസങ്ങളില്‍ ഉപയോഗിക്കുന്നതായും അതിലൂടെ ധാരാളം പണം സമ്പാദിക്കുന്നതായും അവകാശപ്പെടുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനെ സച്ചിന്‍ അംഗീകരിക്കുന്നതായി മോര്‍ഫ് ചെയ്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍ സച്ചിന്റെ മുഖവും ശബ്ദവും സമാനമായ രീതിയില്‍ മോര്‍ഫ് ചെയ്തതായി കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സച്ചിന് പുറമെ ഇന്ത്യന്‍ അഭിനേത്രികളായ രശ്മിക മന്ദാന, കത്രീന കെയ്ഫ്, കജോള്‍ എന്നിവരുടെയും ഡീപ് ഫേക്ക് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

Content Highlight: Former Indian player Sachin Tendulkar was also caught in a deep fake video