പാകിസ്ഥാനെതിരെ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഇദ്ദേഹത്തേക്കാള്‍ നല്ലൊരു ഓപ്ഷന്‍ ഞാന്‍ കാണുന്നില്ല: സബ കരീം
Cricket
പാകിസ്ഥാനെതിരെ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഇദ്ദേഹത്തേക്കാള്‍ നല്ലൊരു ഓപ്ഷന്‍ ഞാന്‍ കാണുന്നില്ല: സബ കരീം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th August 2022, 7:13 pm

എഷ്യാ കപ്പില്‍ ഇന്ത്യാ-പാക് പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിജയ പ്രതീക്ഷയിലാണ് ടീം ഇന്ത്യ. പാകിസ്ഥാനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കുകയെന്നത് കോച്ച് വി.വി.എസ്. ലക്ഷ്മണിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും അത്ര എളുപ്പമായിരിക്കില്ല.

15 അംഗ ടീമില്‍ പുറത്തിരുത്താന്‍ കഴിയാത്ത ഒരുപിടി മികച്ച താരങ്ങളുണ്ട്. അതില്‍ പ്രയാസമേറിയ കടമ്പയായിരുന്നു ടീമിന്റെ വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കുകയെന്നത്.

ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ടീമിനൊപ്പമുള്ളത്. അതില്‍ രണ്ടുപേരും മികച്ച കീപ്പര്‍മാരും ബാറ്റര്‍മാരുമാണ്. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിന് പാകിസ്ഥാന്‍ എതിരെയുള്ള മത്സരത്തില്‍ ടീമില്‍ ഇടം നേടാനായില്ല എന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്തുവന്നിട്ടുള്ളത്.

ടീമിന്റെ ഓപ്പണിങിന് ആരെ തെരഞ്ഞെടുക്കുമെന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. നായകന്‍ രോഹിത്തിന്റെ കൂടെ ആരിറങ്ങും എന്നതും ഒരു ചോദ്യചിഹ്നമായി അവശേഷിച്ചിരുന്നു.

പന്തിനോ സൂര്യകുമാര്‍ യാദവിനോ കഴിഞ്ഞ മത്സരങ്ങളില്‍ താളം കണ്ടത്താതെ പോയ കെ.എല്‍. രാഹുലിനോ ഓപ്പണിങ് പൊസഷനിലേക്ക് നറുക്കുവീണേക്കാമെന്നാണ് നിലവിലെ സൂചനകള്‍. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം സബ കരീമിന്റെ അഭിപ്രായം ഓപ്പണിങില്‍ രോഹിത്തിന് കൂട്ടായി കെ.എല്‍. രാഹുലിനെ ഇറക്കണമെന്നാണ്.

‘രോഹിത്തിനൊപ്പം രാഹുല്‍ ഓപ്പണ്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. കോഹ്‌ലി വിശ്രമത്തിലായിരുന്നപ്പോള്‍ സിംബാവെക്കെതിരെ രാഹുല്‍ നന്നായി കളിച്ചു. ഇരുവര്‍ക്കും പാകിസ്ഥാനെതിരെ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്,’ സബ കരീം പറഞ്ഞു.

ഋഷഭ് പന്ത് അല്ലെങ്കില്‍ ദിനേശ് കാര്‍ത്തിക് എന്ന ചോദ്യത്തിന്, 37കാരനായ ദിനേശ് കാര്‍ത്തികിനെക്കാള്‍ പന്തിനെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും കരീം പറഞ്ഞു.

പന്തിനെയും കാര്‍ത്തികിനെയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ പറയില്ല. കാരണം രണ്ടാളെയും തെരഞ്ഞെടുത്താല്‍ ടീമിന് അഞ്ച് ബൗളറാകും. അതിനാല്‍, രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ടീമില്‍ ഇടമില്ലെന്നും സബ കരീം കൂട്ടിച്ചേര്‍ത്തു. ആറാമത്തെ ബൗളിങ് ഓപ്ഷനായി ഹാര്‍ദിക് പാണ്ഡ്യയെയാണ് സബ കരീം തെരഞ്ഞെടുത്തത്.

അതേസമയം, ഏഷ്യാ കപ്പ് ഉയര്‍ത്തണം എന്ന ഉറച്ച ലക്ഷ്യത്തിലാണ് ഇന്ത്യന്‍ ടീം.മികച്ച മത്സരം കാഴ്ച വെക്കാന്‍ ടീമിനാകും എന്നാണ് ആരാധകരും പ്രതീഷിക്കുന്നത്.