ഓസ്ട്രേലിയയില്‍ സമാപിച്ച ടി-20 ലോകകപ്പിലെ മോശം പ്രകടനത്തോടെ ടീം ഇന്ത്യ അഴിച്ചുപണി നടത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. സീനിയര്‍ താരങ്ങള്‍ അടുത്ത ലോകകപ്പില്‍ കളിക്കില്ലെന്നതിനാല്‍ യുവ താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ടീം ഇന്ത്യയുടെ പ്രധാന ലക്ഷ്യം.
ഈ വിഷയത്തില്‍ തന്റെ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.
റിഷബ് പന്തിനെ മുന്‍ നിരയില്‍ ഉപയോഗപ്പെടുത്തണമെന്നാണ് ഉത്തപ്പയുടെ നിര്‍ദേശങ്ങളിലൊന്ന്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരത്തിന്റെ പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നെന്നും അദ്ദേഹത്തിന് ഇന്ത്യയെ ഉയര്‍ത്തി കൊണ്ടുവരാനാകുമെന്നും ഉത്തപ്പ പറഞ്ഞു.
2024ല്‍ അടുത്ത ടി-20 ലോകകപ്പ് നടക്കുമ്പോഴേക്ക് പന്തിന് ടീമിലൊരു സ്ട്രക്ചര്‍ സെറ്റ് ചെയ്യാന്‍ മതിയായ സമയമുണ്ടെന്ന് മുന്‍ താരം പറഞ്ഞു. ടീം മാനേജ്മെന്റ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”അടുത്ത ലോകകപ്പിന് രണ്ട് വര്‍ഷം കൂടിയുണ്ട്. അതിനാല്‍ സാഹചര്യങ്ങള്‍ മനസിലാക്കി കൊണ്ട് റിഷബ് പന്ത് ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നു. മൂന്നാം സ്ഥാനത്ത് താരത്തെ കളിപ്പിക്കണം.
നിങ്ങള്‍ താരത്തിന്റെ ഐ.പി.എല്‍ റെക്കോഡുകള്‍ നോക്കുകയാണെങ്കില്‍, ഓപ്പണ്‍ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നത് കാണാം. അതിനാല്‍ ഒരു മാച്ച് വിന്നറാകാന്‍ പന്തിന് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്,’
ഇന്ത്യ പുതിയ ഫിനിഷര്‍മാരെ കണ്ടെത്തേണ്ടതുണ്ടെന്നും ഉത്തപ്പ വിലയിരുത്തി. ദിനേശ് കാര്‍ത്തിക്കിന് 2024ലെ ടി-20 ലോകകപ്പ് കളിക്കാനാകില്ലെന്നും ആ സ്ഥാനത്ത് സ്ഥിരമായി ജയിക്കാന്‍ കഴിവുള്ള യുവ താരങ്ങളെ വാര്‍ത്തെടുക്കാന്‍ ധാരാളം സമയമുണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ എന്നിവരെ ഫിനിഷറുടെ റോളിലെത്തിയാല്‍ അത് ടീമിന് വലിയ ഗുണം ചെയ്യുമെന്നും, ഉംറാന്‍ മാലിക്കിന്റെ ബൗളിങ് കൂടിയായാല്‍ നന്നായി മുന്നേറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇനി ഇന്ത്യയുടെ ഫിനിഷിങ് ജോലി സഞ്ജു നോക്കുമെന്നും താരം ഇന്ത്യയുടെ ഭാവി ഫിനിഷറാണെന്നുമാണ് ഉത്തപ്പ പറഞ്ഞത്.
നവംബര്‍ 18 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരക്കായി ഇന്ത്യന്‍ യുവ ടീം ന്യൂസിലന്‍ഡിലാണുള്ളത്. ഹര്‍ദിക് പാണ്ഡ്യ നായകനായെത്തുന്ന ടീം ഇന്ത്യയില്‍ റിഷബ് പന്തും സഞ്ജു സാംസണുമുണ്ട്.