ഇന്ത്യന്‍ വനിതാ ടീമിന്റെ പ്രധാന പരിശീലകസ്ഥാനത്ത് നിന്നും മുന്‍ ഇന്ത്യന്‍ താരം രമേഷ് പവാറിനെ മാറ്റി ബി.സി.സി.ഐ. താരത്തെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കാനും തീരുമാനമായിട്ടുണ്ട്.
താരം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ സ്പിന്‍ ബൗളിങ് കോച്ചിന്റെ ചുമതലയേറ്റെടുക്കും. ഹൃഷികേശ് കനിത്കാറാണ് ടീമിന്റെ പുതിയ ബാറ്റിങ് കോച്ചായി ചുമതലയേറ്റെടുത്തിരിക്കുന്നത്.
ഐ.സി.സി. വുമണ്‍സ് ടി-20 ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കവെയാണ് ബി.സി.സി.ഐ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. അടുത്ത വര്‍ഷം ഫെബ്രുവരി പത്തിനാണ് ലോകകപ്പ് ആരംഭിക്കുന്നത്.
പവാറിന് പകരം പ്രധാന പരിശീലകനായി ഒരാളെയും ബി.സി.സി.ഐ ചുമതലപ്പെടുത്തിയിട്ടില്ല.
ഡിസംബര്‍ ഒമ്പത് മുതല്‍ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയും നടക്കുന്നുണ്ട്. വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി പരിശീലന മത്സരമെന്നോണമാണ് ഈ പരമ്പര നടക്കുന്നത്. അഞ്ച് ടി-20കളാണ് പരമ്പരയിലുള്ളത്.
2021 മെയിലാണ് പവാര്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ കോച്ചായി അവരോധിക്കപ്പെടുന്നത്. നേരത്തെ നടന്ന 50 ഓവര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ ടീം പുറത്തായതിന് ശേഷവും ബി.സി.സി.ഐ പവാറിനെ തന്നെ കോച്ചിന്റെ ചുമതലേല്‍പിക്കുകയായിരുന്നു.
പവാറിന്റെ കീഴില്‍ ഇന്ത്യന്‍ വനിതാ ടീം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനല്‍ സ്റ്റേജ് വരെയെത്തുകയും ഏഷ്യാ കപ്പ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
‘സീനിയര്‍ വനിതാ ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ എനിക്ക് മികച്ച അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. വര്‍ഷങ്ങളായി പ്രതിഭാധനരായ നിരവധി താരങ്ങള്‍ക്കൊപ്പവും വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്‍.സി.എയിലെ എന്റെ പുതിയ റോളിനൊപ്പം, ഭാവിയിലേക്കുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിനായി എന്റെ അനുഭവസമ്പത്തിനെയും ഞാന്‍ ഉപയോഗിക്കും.
ക്രിക്കറ്റിന്റെ വികസനത്തിനും ടീമിന്റെ ബെഞ്ച് സ്‌ട്രെങ്ത്തിനും വേണ്ടി വി.വി.എസ്. ലക്ഷ്മണുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു പുതിയ ചുമതലയേറ്റെടുത്തുകൊണ്ട് പവാര്‍ പറഞ്ഞത്.
സീനിയര്‍ വനിതാ ടീമിന്റെ പുതിയ ബാറ്റിങ് കോച്ചായി നിയമിക്കപ്പെട്ടത് അഭിമാനകരമാണെന്നും ടീമില്‍ വമ്പിച്ച സാധ്യതകളുണ്ടെന്നുമായിരുന്നു കനിത്കര്‍ പറഞ്ഞത്.
‘സീനിയര്‍ വനിതാ ടീമിന്റെ പുതിയ ബാറ്റിങ് കോച്ചായി നിയമിക്കപ്പെട്ടത് അഭിമാനകരമാണ്. ഈ ടീമില്‍ ഞാന്‍ വമ്പിച്ച സാധ്യതകള്‍ കാണുന്നു. ടീമില്‍ യുവത്വത്തിന്റെയും അനുഭവപരിചയത്തിന്റെയും കോമ്പിനേഷനാണുള്ളത്.
ഈ ടീം മുന്നിലുള്ള വെല്ലുവിളികളെ നേരിടാന്‍ തയ്യാറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് കുറച്ച് മാര്‍ക്വീ ഇവന്റുകള്‍ വരാനിരിക്കുകയാണ്. ബാറ്റിങ് കോച്ചെന്ന നിലയില്‍ ടീമിനും എനിക്കും ഇത് ആവേശകരമായിരിക്കും,’ ഹൃഷികേശ് കനിത്ക്കര്‍ പറഞ്ഞു.
Content Highlight: Former Indian player Ramesh Pawar has been replaced by the BCCI as the head coach of the Indian women’s team.