| Wednesday, 29th March 2023, 6:15 pm

'കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരാണെന്നതൊക്കെ ശരി, പക്ഷെ ഇത്തവണ പ്ലേ ഓഫ് പോലും കടക്കാന്‍ പോണില്ല'

സ്പോര്‍ട്സ് ഡെസ്‌ക്

2022ലെ ഐ.പി.എല്‍ മത്സരത്തിന്റെ ആവേശകരമായ ഫൈനലില്‍ കരുത്തരായ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാണ് കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് കപ്പടിച്ചത്. 2022 സീസണില്‍ ഫാന്‍ ഫേവറിറ്റുകളല്ലാതിരുന്നിട്ടും പല ഐ.പി.എല്‍ വമ്പന്മാരെ തറപറ്റിച്ചാണ് ഹര്‍ദിക്ക് പാണ്ഡ്യയും സംഘവും കിരീടം നേടിയെടുത്തത്.

അതേ സീസണില്‍ തന്നെ സഞ്ജു സംസണിന്റെ നേതൃത്വത്തില്‍ ഫൈനലിലേക്ക് മാര്‍ച്ച് നടത്തിയ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയ ലക്ഷ്യം 19ാമത്തെ ഓവറിലെ ആദ്യ പന്തില്‍ തന്നെ മറികടന്നായിരുന്നു ഗുജറാത്ത് കപ്പില്‍ മുത്തമിട്ടത്.

കഴിഞ്ഞ വര്‍ഷത്തെ മികവ് വീണ്ടും ആവര്‍ത്തിക്കാനായാല്‍ ഇത്തവണയും കപ്പ് ഗുജറാത്തിലേക്ക് വണ്ടി കയറുമെന്ന പ്രതീക്ഷയാണ് ഫാന്‍സിനുമുള്ളത്.

എന്നാല്‍ ആദ്യ സീസണില്‍ തന്നെ കപ്പടിച്ചെങ്കിലും ഇത്തവണ ടീമില്‍ വലിയ പ്രതീക്ഷയൊന്നും നല്‍കേണ്ട കാര്യമില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്. ഐ.പി.എല്‍ വമ്പന്മാരായ ചെന്നൈയും മുംബൈയും കാണിച്ച മാജിക്കൊന്നും ഗുജറാത്ത് കാണിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പ്ലേ ഓഫിനപ്പുറം കടക്കാന്‍ ടീമിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഗുജറാത്ത് ഇത്തവണ വീണ്ടും ടൈറ്റില്‍ വിന്നറാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഐ.പി.എല്ലില്‍ ഇതുവരെ ആകെ രണ്ട് തവണ മാത്രമേ ടീമുകള്‍ അടുപ്പിച്ച് കപ്പടിച്ചിട്ടുള്ളൂ. മുംബൈ ഇന്ത്യന്‍സിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും വിജയമൊന്നും ടൈറ്റന്‍സിന് ആവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പ്ലേ ഓഫില്‍ കടക്കാനുള്ള കപ്പാസിറ്റിയൊക്കെ ടീമിനുണ്ട്. പക്ഷെ കപ്പുയര്‍ത്താന്‍ അവര്‍ക്കാകില്ല,’ അദ്ദേഹം പറഞ്ഞു.

അതേസമയം മാര്‍ച്ച് 31ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഐ.പി.എല്‍ 16ാം സീസണ് കൊടിയേറുന്നത്. റെയ്‌നിങ് ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഉദ്ഘാടന മത്സരത്തില്‍ മാറ്റുരക്കുന്നത്. ചെന്നൈ കുപ്പായത്തില്‍ ധോണി കളിക്കുന്ന അവസാന സീസണായിരിക്കും ഇത്തവണത്തേതെന്നാണ് സൂചന.

2010ലും 2011ലുമാണ് മഹേന്ദ്ര സിങ് ധോണിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുപ്പിച്ച് രണ്ട് തവണ കപ്പുയര്‍ത്തിയിരുന്നു. പിന്നീട് 2019ലും 2020ലും മുംബൈ ഇന്ത്യന്‍സും അടുപ്പിച്ച് രണ്ട് തവണ കപ്പുയര്‍ത്തിയിട്ടുണ്ട്. ഇത്തവണ കപ്പുയര്‍ത്തിയാല്‍ ഇതേ നേട്ടം ആവര്‍ത്തിക്കുന്ന മൂന്നാമത്തെ ടീമാവാനുള്ള ചാന്‍സാണ് ഗുജറാത്തിന് മുന്നിലുള്ളത്.

Content Highlight:  former indian player prediction on gujarath titans

We use cookies to give you the best possible experience. Learn more