| Sunday, 7th August 2022, 10:31 pm

പന്തല്ല, സൂര്യകുമാറല്ല, ഇഷാന്‍ കിഷനുമല്ല അവന്‍ വേണം ഏഷ്യാ കപ്പില്‍ രോഹിത്തിനൊപ്പം ഒന്നാമനായി ഇറങ്ങാന്‍; ഓപ്പണിങ്ങില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഓപ്പണിങ്ങിലെ പരീക്ഷണം ഇന്ത്യ ഇപ്പോഴൊന്നും അവസാനിപ്പിക്കാന്‍ പോവുന്നില്ല എന്ന് അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ അവസാന മത്സരം. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

പരമ്പരയിലെ മറ്റ് മത്സരങ്ങളില്‍ രോഹിത് ശര്‍മയക്കൊപ്പം മധ്യനിരയിലെ കരുത്തന്‍ സൂര്യകുമാര്‍ യാദവിനെയായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. ആ പരീക്ഷണം ഒട്ടും പാളിയില്ല എന്നുമാത്രമല്ല മികച്ച രീതിയില്‍ വര്‍ക് ഔട്ടാവുകയും ചെയ്തിരുന്നു.

ഇവര്‍ക്ക് പുറമെ ഋതുരാജ് ഗെയ്ക്വാദ് അടക്കമുള്ള താരങ്ങളെ ഓപ്പണിങ്ങില്‍ ഇന്ത്യ പരീക്ഷിച്ചിട്ടുണ്ട്.

കെ.എല്‍ രാഹുലിന് ഒരു പകരക്കാരനെ കണ്ടെത്താനാണ് ഇന്ത്യ ഇത്രയും പരീക്ഷങ്ങള്‍ക്ക് മുതിര്‍ന്നത്. ഏഷ്യാ കപ്പടക്കം വരാനിരിക്കെ മികച്ച ഓപ്പണിങ് പെയര്‍ സെറ്റ് അപ് ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

എന്നാല്‍ ഇവരാരുമല്ല ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മയ്‌ക്കെപ്പം വിരാട് കോഹ്‌ലിയെ ഓപ്പണറായി കളത്തിലിറക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍ പറയുന്നത്. നേരത്തെ അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും വീണ്ടും ഇതേ കാര്യം ആവര്‍ത്തിക്കുകയാണ്.

‘ഞാന്‍ റിഷബ് പന്തിനെ ഫേവര്‍ ചെയ്യുന്നില്ല. ഞാന്‍ കരുതുന്നത് വിരാട് കോഹ്‌ലി തന്നെ ഏഷ്യാ കപ്പില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ്,’ പാര്‍ഥിവ് പറയുന്നു.

വിരാട് കോഹ്‌ലിയുടെ കഴിവിനെ കുറിച്ച് ആര്‍ക്കും ഒരു സംശയവുമുണ്ടാവാന്‍ പോവുന്നില്ലെന്നും രോഹിത് ശര്‍മയ്ക്കൊപ്പം അദ്ദേഹമായിരിക്കണം ഓപ്പണ്‍ ചെയ്യേണ്ടത് എന്നായിരുന്നു പട്ടേല്‍ നേരത്തെ പറഞ്ഞിരുന്നത്.

‘വിരാടിന്റെ കഴിവിനെ കുറിച്ച് ഒരു സംശയവുമില്ല. ഇത് ഫോമിന്റെ പ്രശ്നമാണ്, ഏത് പൊസിഷനില്‍ കളിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇതെല്ലാമിരിക്കുന്നത്. ഇതുകൊണ്ടാണ് ഏഷ്യാ കപ്പ് ക്രൂഷ്യലാവുന്നത്.

ഞാനെപ്പോഴും ടീമിന്റെ കോമ്പിനേഷനെ കുറിച്ചാണ് സംസാരിക്കുന്നത്. അതാണ് ഏറ്റവും പ്രധാനപ്പെട്ടതും. കെ.എല്‍. രാഹുല്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനല്ലാത്തതിനാല്‍ വിരാട് കോഹ്‌ലി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത് നിങ്ങള്‍ കണ്ടേക്കാം.

പല ഓപ്പണര്‍മാരെയും ഇന്ത്യ ഇതിനോടകം പരീക്ഷിച്ചിട്ടുണ്ട്. ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ് എന്നവരെയെല്ലാം ഇന്ത്യ പരീക്ഷിച്ചു. എന്നാല്‍ വിരാടായിരിക്കണം ഏഷ്യാ കപ്പില്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യേണ്ടത്,’ പട്ടേല്‍ പറഞ്ഞു.

അതേസമയം, ഏഷ്യാ കപ്പിന് സ്‌ക്വാഡ് അനൗണ്‍സ് ചെയ്യാനുള്ള അവസാന തീയതി ആഗസ്റ്റ് എട്ടിന് അവസാനിക്കുകയാണ്. എന്നാല്‍ ഇന്ത്യ ഇതുവരെ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടില്ല.

നാളെ മുംബൈയില്‍ വെച്ച് നടക്കുന്ന ബി.സി.സി.ഐ യോഗത്തില്‍ സ്‌ക്വാഡിനെ കുറിച്ചുള്ള അവസാന ചര്‍ച്ചകള്‍ നടക്കുമെന്നും, അന്നുതന്നെ സ്‌ക്വാഡ് അനൗണ്‍സ് ചെയ്യുമെന്നുമാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

Content Highlight: Former Indian player Parthiv Patel wants Virat Kohli to open innings with Rohit Sharma in Asia Cup

We use cookies to give you the best possible experience. Learn more