മികച്ച കളിക്കാരനാണെന്ന് തെളിയിക്കണമെങ്കില്‍ രോഹിത് അത് ചെയ്‌തേ പറ്റൂ; തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം
Sports News
മികച്ച കളിക്കാരനാണെന്ന് തെളിയിക്കണമെങ്കില്‍ രോഹിത് അത് ചെയ്‌തേ പറ്റൂ; തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th December 2024, 9:11 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. രോഹിതിന്റെ നായകത്വത്തിന് കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല രോഹിത്തിന്റെ ബാറ്റിങ്ങിലെ മോശം ഫോമും ഇന്ത്യന്‍ ടീമില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ ആറ് ടെസ്റ്റുകളില്‍ നിന്ന് 11.83 ശരാശരിയില്‍ 142 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്.

അഡ്ലെയ്ഡിലെ രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് ക്യാപ്റ്റന്‍ ഒമ്പത് റണ്‍സ് മാത്രം നേടി നിരാശപ്പെടുത്തിയിരുന്നു. രോഹിത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍.

മദന്‍ ലാല്‍ രോഹിത്തിനെക്കുറിച്ച് പറഞ്ഞത്

‘അവന്റെ ഫോമിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരും. അവന് ഒരുപാട് പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു മികച്ച കളിക്കാരനാണെന്ന് തെളിയിക്കണമെങ്കില്‍ റണ്‍സ് സ്‌കോര്‍ ചെയ്യണം. ചിലപ്പോള്‍, നിങ്ങളുടെ ഫോം മികച്ചതല്ലെങ്കില്‍, അത് നിങ്ങളുടെ ക്യാപ്റ്റന്‍സിയിലും പ്രതിഫലിക്കും.

ഫോം ഒരു മത്സരം അകലെയാണ്, പക്ഷേ അവന്‍ റണ്‍സ് നേടേണ്ടതുണ്ട്. അവന്‍ ഏത് പൊസിഷനില്‍ കളിച്ചാലും അവന്റെ റണ്‍സാണ് പ്രധാനം, കാരണം അവന്‍ ഒരു ലോകോത്തര കളിക്കാരനാണ്. റണ്‍സ് നേടിയാല്‍ മാത്രമേ നിങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ നിര്‍ത്തിക്കാനാകൂ,’ മദന്‍ ലാല്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.

Content Highlight: Former Indian Player Madan Lal Talking About Rohit Sharma