Sports News
ഒരു ഐ.പി.എല്‍ ടീമിനെ നയിക്കുന്നത് ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട്; ആര്‍.സി.ബി നായകന് മുന്നറിയിപ്പുമായി ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 17, 08:25 am
Monday, 17th March 2025, 1:55 pm

ഐ.പി.എല്ലിന്റെ പതിനെട്ടാം പതിപ്പിന് ഇനി നാല് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. തങ്ങളുടെ പ്രിയ താരങ്ങളുടെയും ഇഷ്ട ഫ്രാഞ്ചൈസികളുടെയും കളി കാണാനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാകുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് ഉദ്ഘാടന മത്സരത്തിന്റെ വേദി.

പുതിയ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനായി രജത് പാടിദാറിനെ നിയമിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ചിരുന്ന ഫാഫ് ഡു പ്ലെസി ടീം വിട്ടതോടെയും വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെയുമാണ് പാടിദാറിന് ക്യാപ്റ്റനായി നറുക്ക് വീണത്. ഇപ്പോള്‍ താരത്തിന് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

ആര്‍.സി.ബി ഒരു കിരീടം പോലും നേടിയിട്ടില്ലാത്തതിനാല്‍ പുതിയ ക്യാപ്റ്റന്‍ പാടിദാര്‍ സമ്മര്‍ദത്തിലാകുമെന്നും ടീമിലെ എല്ലാ കാര്യവും വിരാട് കോഹ്ലിയെ ചുറ്റിപ്പറ്റിയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ സ്റ്റാര്‍ ബാറ്റര്‍ക്ക് മികച്ചൊരു സീസണ്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് പാടിദാറിന്റെ കടമയാണെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

‘ആര്‍.സി.ബി ഒരു ഐപിഎല്‍ കിരീടം പോലും നേടിയിട്ടില്ലാത്തതിനാല്‍ പാടിദാര്‍ സമ്മര്‍ദത്തിലാകും. ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ടത് അദ്ദേഹമാണ്. ആര്‍.സി.ബിയിലെ എല്ലാം വിരാട് കോഹ്ലിയെ ചുറ്റിപ്പറ്റിയാണ്. അതിനാല്‍, സ്റ്റാര്‍ ബാറ്റര്‍ക്ക് മികച്ച ഒരു സീസണ്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് പാടിദാറിന്റെ കടമയാണ്.

ബെംഗളൂരു അവനെ മൂന്ന് സീസണുകളിലേക്കാണ് നിയമിച്ചിട്ടുള്ളത്. പക്ഷേ ആദ്യ വര്‍ഷം തന്നെ അവന്‍ പരാജയപ്പെട്ടാല്‍, അവന്‍ എവിടെ നില്‍ക്കുമെന്ന് നമുക്ക് നോക്കാം,’ ഹര്‍ഭജന്‍ പറഞ്ഞു.

പ്ലെയിങ് ഇലവനെ തീരുമാനിക്കേണ്ടതും പാടിദാറാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഐ.പി.എല്ലില്‍ ഒരു ടീമിനെ നയിക്കുന്നത് ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തീരുമാനങ്ങള്‍ എടുക്കുന്നതിലും അവന്‍ സംഭാവന നല്‍കേണ്ടതുണ്ട്. പ്ലെയിങ് ഇലവനെ തീരുമാനിക്കേണ്ടതും പാടിദാറാണ്. ഇന്ത്യയെ നയിക്കുന്നതിനേക്കാള്‍ വളരെ ബുദ്ധിമുട്ടാണ് അത്. ഐ.പി.എല്ലില്‍ ഒരു ടീമിനെ നയിച്ചിട്ടുള്ളതിനാല്‍ എനിക്ക് അതിനെക്കുറിച്ച് അറിയാം,’ ഹര്‍ഭജന്‍ പറഞ്ഞു.

രജത് പാടിദാര്‍ 2021 മുതല്‍ ബെംഗളൂരു ടീമിനൊപ്പമുണ്ട്. മൂന്ന് സീസണുകളില്‍ നിന്ന് താരം 799 റണ്‍സെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിലും ആര്‍.സി.ബിക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 177.13 സ്‌ട്രൈക്ക് റേറ്റിലാണ് മധ്യപ്രദേശ് താരം ബാറ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം അഞ്ച് അര്‍ധ സെഞ്ച്വറിയും താരം നേടിയിരുന്നു. 395 റണ്‍സ് നേടി 2024ല്‍ ബെംഗളൂരുവിന്റെ റണ്‍ വേട്ടക്കാരില്‍ മൂന്നാം സ്ഥാനക്കാരനായത് പാടിദാറായിരുന്നു.

Content Highlight: Former Indian Player Harbhajan Singh Warns RCB New Captain Rajat Patidar