ടി- ട്വന്റിയില്‍ കില്ലാടി, പക്ഷെ ഒ.ഡി.ഐയില്‍; സൂര്യയെ കുറിച്ച് ഗംഭീര്‍
Sports News
ടി- ട്വന്റിയില്‍ കില്ലാടി, പക്ഷെ ഒ.ഡി.ഐയില്‍; സൂര്യയെ കുറിച്ച് ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th December 2023, 4:17 pm

സൗത്ത് ആഫ്രിക്കെതിരെയുള്ള രണ്ടാം ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ മഴപെയ്തു. ഇതോടെ മത്സരം ചുരുക്കി സൗത്ത് ആഫ്രിക്കയ്ക്ക് 15 ഓവറില്‍ 152 റണ്‍സിന്റെ വിജയലക്ഷ്യം നിര്‍ണയിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ പ്രോട്ടിയാസ് 13.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മികച്ച പ്രകടനമാണ് കാഴചവെച്ചത്. 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 56 റണ്‍സ് ആണ് ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്.

സൂര്യയുടെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സൂര്യ സമീപകാലത്ത് ടി ട്വന്റിയില്‍ സ്വീകരിക്കുന്ന സമീപനം ഏകദിനത്തിലും പുറത്തെടുത്താല്‍ മികച്ച വിജയം കൈവരിക്കാന്‍ പറ്റുമെന്ന് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെടുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് സൂര്യയെ കുറിച്ച് സംസാരിച്ചത്. ചര്‍ച്ചയിലെ ചോദ്യത്തിന് മറുപടിയായി ഗംഭീര്‍ പറഞ്ഞത് സൂര്യ ഒരു മള്‍ട്ടി ഫോര്‍മാറ്റ് കളിക്കാരനാവണം എന്നാണ്.

‘സൂര്യയെ വിമര്‍ശിക്കുന്ന ഒരാളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ടി-ട്വന്റിയില്‍ അവന്‍ വളരെ അപകടകാരിയാണ്. എന്നാല്‍ ഏകദിനത്തില്‍ അദ്ദേഹം ആ റേഞ്ച് കാണിക്കുന്നില്ല. ടി ട്വന്റി ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും മാക്‌സ് വെല്‍ അപകടകാരിയാണ്,’ഗംഭീര്‍ പറഞ്ഞു.

ലോകകപ്പില്‍ ഇരട്ട സെഞ്ച്വറിയും വേഗം ഏറിയ സെഞ്ചുറിയും സൂര്യ നേടിയിട്ടുണ്ടെന്ന് ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. എന്നാലും സൂര്യ ഏകദിനത്തില്‍ ഉള്ള തന്റെ മാനസികാവസ്ഥ മാറ്റേണ്ടതുണ്ട് എന്ന് ഗംഭീര്‍ പറഞ്ഞു.

2023 ലോകകപ്പില്‍ 106 റണ്‍സ് മാത്രമാണ് സൂര്യക്ക് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ടി-ട്വന്റി മത്സരത്തില്‍ കുറഞ്ഞ പന്തില്‍ 2000 റണ്‍സ് മറികടക്കുന്ന ഏറ്റവും വേഗമേറിയ ഇന്ത്യന്‍ താരം എന്ന നേട്ടവും സൂര്യ സ്വന്തമാക്കിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി-ട്വന്റിയിലെ തന്റെ അമ്പത്താറാം മത്സരത്തിലാണ് സൂര്യ ഈ റെക്കോഡ് സ്വന്തമാക്കിയത്. 1164 പന്തില്‍ നിന്നാണ് സൂര്യ 2000 റണ്‍സ് നേടുന്നത്.

Content Highlight: Former Indian player Gautam Gambhir talks about Suryakumar Yadav