ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യറുടെ പ്രകടനത്തെ വിലയിരുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് നായർ. സെപ്റ്റംബർ 22ന് ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിലെ താരത്തിന്റ ബാറ്റിങ് പ്രകടനത്തെ വിലയിരുത്തികൊണ്ടാണ് അഭിഷേക് തന്റെ അഭിപ്രായം പങ്കുവെച്ചത്.
ഒന്നോ രണ്ടോ മത്സരങ്ങൾ കൊണ്ട് വിലയിരുത്തേണ്ട താരമല്ല ശ്രേയസ് എന്നും അടുത്ത മത്സരത്തിൽ താരം തിരിച്ചുവരുമെന്നുമാണ് അഭിഷേക് പറഞ്ഞത്.
‘ശ്രേയസ് ഒരു പ്രൊഫഷണൽ ക്രിക്കറ്ററാണ്. വളരെക്കാലമായി ഐ.പി.എല്ലിൽ സജീവമായി കളിക്കുന്ന അദ്ദേഹം കുറച്ചുകാലങ്ങളായി ഇന്ത്യൻ ടീമിന്റെയും ഭാഗമാണ്. ഓസ്ട്രേലിയക്കെതിരയുള്ള മത്സരത്തിൽ ഇന്ത്യൻ ടീം ഭേദപ്പെട്ട നിലയിൽ നിൽക്കുമ്പോൾ ആ സിംഗിൾ ഓടാനുള്ള തീരുമാനം മികച്ചതായിരുന്നില്ല. അങ്ങനെ ചെയ്യാനുള്ള ശരിയായ സമയം അതായിരുന്നില്ല. എങ്കിലും ശ്രേയസ് അയ്യർ ഇതിൽ നിന്നും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു’, അഭിഷേക് ജിയോ സിനിമയോട് പറഞ്ഞു.
‘ശ്രേയസ് ഫോം വീണ്ടെടുക്കാൻ ഒരു മികച്ച ഇന്നിങ്‌സ് കണ്ടെത്തേണ്ടതുണ്ട്. ഒന്നോ രണ്ടോ മത്സരങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ കഴിവിനെ നിർവചിക്കാൻ കഴിയില്ല. അദ്ദേഹം മുമ്പും ഇതുപോലെ തിരിച്ചു വന്നിട്ടുണ്ട്’, മുൻ താരം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ എട്ട് പന്തിൽ മൂന്ന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മത്സരത്തിൽ അദ്ദേഹം റൺ ഔട്ട് ആവുകയായിരുന്നു. മത്സരത്തിലേക്ക് വരുകയാണെങ്കിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ പേസർ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകൾ നേടിക്കൊണ്ടു മികച്ച പ്രകടനം നടത്തിയപ്പോൾ ഓസ്ട്രേലിയ 276 പുറത്താവുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മൻ ഗിൽ 74(64), ഋതുരാജ് ഗെയ്ക്വാദ് 71(77), കെ.എൽ രാഹുൽ 58*(63), സൂര്യകുമാർ യാദവ് 49(50) എന്നിവരുടെ മികവിൽ ഇന്ത്യ എട്ട് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. ജയത്തോടെ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു.
സെപ്റ്റംബർ 24ന് ഇൻഡോറിൽ വെച്ചാണ് രണ്ടാം ഏകദിനം നടക്കുക.
Content Highlight: Former Indian player evaluates Shreyas Iyer’s batting performance.