ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബോര്‍ഡര്‍ ഗവാസ്‌കറിലെ ആദ്യ മത്സരത്തിലും പിങ്ക് ബോള്‍ ടെസ്റ്റിലും അശ്വിന് പകരം സ്‌ക്വാഡില്‍ ഉണ്ടായിരുന്ന വാഷിങ്ടണ്‍ സുന്ദറിനെ പകരക്കാരനായി ഇറക്കിയിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഭരത് അരുണ്‍ അശ്വിന്‍ വിരമിച്ചതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ്.
‘ആദ്യ ടെസ്റ്റില്‍ അശ്വിനെ ബെഞ്ചിലിരുത്തി വാഷിങ്ടണ്‍ സുന്ദറിന് മുന്‍ഗണന നല്‍കി. അത് അവനെ വേദനിപ്പിച്ചിട്ടുണ്ടാകും. പണ്ട് രവീന്ദ്ര ജഡേജ തനിക്ക് മുന്നില്‍ കളിച്ചു, അദ്ദേഹം അത് സ്വീകരിച്ചു. എന്നാല്‍, ഇത്തവണ തനിക്ക് പകരം സുന്ദറുമായി മുന്നോട്ട് പോകാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനം അവന് ഇഷ്ടപ്പെട്ടുകാണില്ല.
ഇന്ത്യയ്ക്ക് പുറത്തുള്ള ബാറ്റിങ് കാരണം ജഡേജ അശ്വിനേക്കാള്‍ മുന്നിലായിരുന്നു. ജഡേജയെ തെരഞ്ഞെടുത്തതിന്റെ കാരണം ഞാന്‍ അദ്ദേഹത്തോട് വിശദീകരിച്ചു, എന്നിരുന്നാലും ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ തന്നോട് പെരുമാറിയ രീതി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ടീം അവനെ ഒഴിവാക്കുന്നതിന് മുമ്പ് ടീം മാനേജ്മെന്റ് രണ്ട് അവസരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം തുടരുമായിരുന്നു,
എന്നാല്‍ ആദ്യ ടെസ്റ്റില്‍ അവര്‍ അവനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. ഈ സംഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, തന്റെ സമയം അവസാനിച്ചുവെന്ന് അദ്ദേഹം കരുതിയിരിക്കാം,’ ഭരത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ 106 മത്സരങ്ങളിലെ 200 ഇന്നിങ്‌സില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഏകദിനത്തില്‍ 116 മത്സരത്തിലെ 114 ഇന്നിങ്‌സില്‍ നിന്ന് 156 വിക്കറ്റും ടി-20ഐയില്‍ 65 മത്സരങ്ങളില്‍ നിന്ന് 72 വിക്കറ്റും അശ്വിന്‍ നേടി.
ബാറ്റിങ്ങിലും അശ്വിന്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ തിളങ്ങിയിട്ടുണ്ട്. ടെസ്റ്റിലെ 151 ഇന്നിങ്‌സില്‍ നിന്ന് ആറ് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 3503 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏകദിനത്തിലെ 63 ഇന്നിങ്‌സില്‍ നിന്ന് 707 റണ്‍സും ടി-20യിലെ 19 ഇന്നിങ്‌സില്‍ നിന്ന് 184 റണ്‍സും താരത്തിനുണ്ട്.
Content Highlight: Former Indian Player Bharat Arun Talking About R. Ashwin