| Tuesday, 11th March 2025, 6:47 pm

അവന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറാണ്, അസാധാരണ കഴിവുള്ള താരം: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് കിരീടമണിഞ്ഞിരിക്കുകയാണ് ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിജയത്തോടെ ഇന്ത്യ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലാണ് മുത്തമിട്ടത്.

അവസാന അങ്കത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡ് ആദ്യം ബാറ്റ് ചെയ്ത് 252 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി മികവില്‍ ഇന്ത്യ ആറ് പന്ത് ബാക്കി നില്‍ക്കെ വിജയ ലക്ഷ്യം മറികടന്നിരുന്നു. മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ഇന്ത്യന്‍ ടീമിലെ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ച് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഹര്‍ദിക് അംഗീകാരം അര്‍ഹിക്കുന്നുവെന്നും സമ്മര്‍ദ ഘട്ടത്തിലും അവന്‍ ശാന്തനായിരിക്കുമെന്നും ചോപ്ര പറഞ്ഞു. സിംഗിള്‍സ് നേടാനും സിക്സ് അടിക്കാനും ബുദ്ധിമുട്ടുള്ള പിച്ചുകളില്‍ പോലും ഹര്‍ദിക് മികച്ച ഷോട്ടുകള്‍ കളിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹര്‍ദിക് അംഗീകാരം അര്‍ഹിക്കുന്നു. ഞാന്‍ അത് പലതവണ പറഞ്ഞിട്ടുണ്ട്, അവന്‍ ഞങ്ങളുടെ ക്ലച്ച് പ്ലെയറാണ്. ടീം സമ്മര്‍ദത്തിലായിരിക്കുമ്പോഴും അദ്ദേഹം ശാന്തനായിരിക്കും. അവനത് എങ്ങനെയാണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല.

പുറമേ നിന്ന് നോക്കുമ്പോള്‍, സിംഗിള്‍സ് പോലും നേടാന്‍ പ്രയാസമുള്ളതും സിക്സ് അടിക്കുന്നത് അസാധ്യവുമാണെന്ന് തോന്നുന്നതുമായ ഒരു കടുപ്പമേറിയ പിച്ചായിരിക്കും അത്. പക്ഷേ ഹര്‍ദിക് അവിടെ നില്‍ക്കുകയും മികച്ച ഷോട്ടുകള്‍ കളിക്കുകയും ചെയ്യുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.

ഹര്‍ദിക്കിന്റെ കഴിവുകള്‍ അസാധാരണമാണെന്നും ലോകത്തിലെ മികച്ച ഫിനിഷറാണെന്നും ചോപ്ര പറഞ്ഞു. 2023ലെ ലോകകപ്പില്‍ ഹര്‍ദിക്കും അക്സര്‍ പട്ടേലുമുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ഹര്‍ദിക്കിന്റെ കഴിവുകള്‍ അസാധാരണമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറാണ് അവന്‍. ടീമില്‍ നാല് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ അനുവദിച്ചുകൊണ്ട് ബൗളിങ്ങില്‍ അദ്ദേഹം സന്തുലിതാവസ്ഥ കൊണ്ടുവരുന്നു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഹാര്‍ദിക്കിനെയും അക്സര്‍ പട്ടേലിനെയും ഇന്ത്യ വളരെയധികം മിസ് ചെയ്തു. അവര്‍ കളിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ട്രോഫി ഉയര്‍ത്താമായിരുന്നു,’ ചോപ്ര പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയിലെ ഫൈനല്‍ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ അവസാന ഓവറുകളില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. മത്സരത്തില്‍ താരം ഒരു സിക്സ് അടക്കം 18 റണ്‍സെടുത്തിരുന്നു. ടൂര്‍ണമെന്റില്‍ 99 റണ്‍സും നാല് വിക്കറ്റും സ്വന്തമാക്കാന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് സാധിച്ചു.

CONTENT HIGHLIGHTS: Former Indian player and commentator Akash Chopra has praised Hardik Pandya

We use cookies to give you the best possible experience. Learn more