| Wednesday, 4th December 2024, 10:43 am

'ഇവര്‍ സുനില്‍ നരെയ്‌നോ റാഷിദ് ഖാനോ അല്ല, നിങ്ങളുടെ തീരുമാനം ശരിയോ എന്ന് രണ്ട് തവണ ആലോചിക്ക്'

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിനെ നയിക്കാന്‍ ശ്രീലങ്കന്‍ സൂപ്പര്‍ താരം വാനിന്ദു ഹസരങ്കയെയും മഹീഷ് തീക്ഷണയെയുമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്റെ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ കരുത്തായ മാസ്റ്റര്‍ ടെക്‌നീഷ്യന്‍ ആര്‍. അശ്വിനും സൂപ്പര്‍ താരം യൂസ്വേന്ദ്ര ചഹലിനും പകരക്കാരായാണ് രാജസ്ഥാന്‍ ഇരുവരെയും ടീമിലെത്തിച്ചത്.

5.5 കോടി രൂപയ്ക്കാണ് ശ്രീലങ്കയുടെ ബാറ്റിങ് ഓള്‍ റൗണ്ടറെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സ് ഓക്ഷന്‍ പൂളിലേക്കിറക്കിവിട്ട വലംകയ്യന്‍ ഓഫ് ബ്രേക്കറായ മഹീഷ് തീക്ഷണയെ 4.40 കോടിക്കും ടീം സ്വന്തമാക്കി.

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. അടുത്ത സീസണില്‍ രാജസ്ഥാന്റെ സ്പിന്‍ ഡിപ്പാര്‍ട്മെന്റ് വെല്ലുവിളി നേരിടുമെന്നും തങ്ങളുടെ ഏറ്റവും മികച്ച സ്പിന്നര്‍മാരെ രാജസ്ഥാന്‍ നഷ്ടപ്പെടുത്തിയെന്നും ചോപ്ര പറഞ്ഞു.

‘യൂസി ചഹലും ആര്‍. അശ്വിനും ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമില്ല. അവരായിരുന്നു സാധ്യമായിരുന്ന ഏറ്റവും മികച്ച സ്പിന്‍ ട്വിന്‍സ്. എന്നാല്‍ നിങ്ങളവരെ കൈവിട്ടുകളഞ്ഞു. ഒരാളെ പോലും നിലനിര്‍ത്താന്‍ നിങ്ങള്‍ ശ്രമിച്ചില്ല. ഇതോടെ താരലേലത്തില്‍ മികച്ച സ്പിന്നര്‍മാരെ അന്വേഷിക്കേണ്ട അവസ്ഥ രാജസ്ഥാനുണ്ടായി.

അവര്‍ വാനിന്ദു ഹസരങ്കയെയും മഹീഷ് തീക്ഷണയെയുമാണ് ലേലത്തില്‍ സ്വന്തമാക്കിയത്. സവായ് മാന്‍സിങ് സ്റ്റേഡിയം (രാജസ്ഥാന്റെ ഹോം സ്റ്റേഡിയം) അവര്‍ക്ക് അനുയോജ്യമാകുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇതൊരു വലിയ ഗ്രൗണ്ടാണ്, ഇവര്‍ രണ്ട് പേരുമാകട്ടെ സുനില്‍ നരെയ്നെ പോലെയോ റാഷിദ് ഖാനെ പോലെയോ അല്ല. നിങ്ങളുടെ തീരുമാനം ശരിയായിരുന്നോ എന്ന് രണ്ട് തവണ ചിന്തിക്കണം,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇവര്‍ക്ക് പകരം പരിചയസമ്പത്തുള്ള പിയൂഷ് ചൗളയെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ ശ്രമിക്കണമായിരുന്നു എന്നും ചോപ്ര അഭിപ്രായപ്പെട്ടു. താരലേലത്തില്‍ ചോപ്ര അണ്‍സോള്‍ഡാവുകയായിരുന്നു.

ഐ.പി.എല്ലില്‍ ആകെ 26 മത്സരമാണ് ഹസരങ്ക കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളില്‍ നിന്നുമായി 7.20 ശരാശരിയില്‍ 72 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ ബൗളിങ്ങില്‍ മോശമല്ലാത്ത പ്രകടനമാണ് ഹസരങ്ക കാഴ്ചവെച്ചത്. 21.37 ശരാശരിയില്‍ 35 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

27 മത്സരത്തില്‍ നിന്നും 31.88 ശരാശരിയിലും 7.66 എക്കോണമിയിലും 25 വിക്കറ്റുകളാണ് തീക്ഷണയുടെ പേരിലുള്ളത്.

രാജസ്ഥാന്‍ സ്‌ക്വാഡ് (IPL 2025: Rajasthan Royals Squad)

ബാറ്റര്‍മാര്‍

നിതീഷ് റാണ
ശുഭം ദുബെ
വൈഭവ് സൂര്യവംശി
ഷിംറോണ്‍ ഹെറ്റ്മെയര്‍  ✈︎
യശസ്വി ജെയ്സ്വാള്‍
റിയാന്‍ പരാഗ്

ഓള്‍റൗണ്ടര്‍മാര്‍

വാനിന്ദു ഹസരങ്ക  ✈︎
ജോഫ്രാ ആര്‍ച്ചര്‍  ✈︎
യുദ്ധ്‌വീര്‍ സിങ്

വിക്കറ്റ് കീപ്പര്‍മാര്‍

സഞ്ജു സാംസണ്‍
ധ്രുവ് ജുറെല്‍
കുണാല്‍ സിങ് റാത്തോഡ്

ബൗളര്‍മാര്‍

മഹീഷ് തീക്ഷണ  ✈︎
ആകാശ് മധ്വാള്‍
കുമാര്‍ കാര്‍ത്തികേയ സിങ്
തുഷാര്‍ ദേശ്പാണ്ഡേ
ഫസല്‍ഹഖ് ഫാറൂഖി  ✈︎
ക്വേന മഫാക്ക  ✈︎
അശോക് ശര്‍മ
സന്ദീപ് ശര്‍മ

Content Highlight: Former Indian player Akash Chopra talks about Wanindu Hasranga and Maheesh Theekhsana

We use cookies to give you the best possible experience. Learn more