സ്വന്തം കാര്യം സിന്ദാബാദ് എന്ന രോഹിത്തിന്റെ തീരുമാനം പിഴച്ചു, ടീമിനെ പരിഗണിച്ചില്ല; ക്യാപ്റ്റനെ പ്രതിക്കൂട്ടിലാക്കി മുന്‍ താരം
Sports News
സ്വന്തം കാര്യം സിന്ദാബാദ് എന്ന രോഹിത്തിന്റെ തീരുമാനം പിഴച്ചു, ടീമിനെ പരിഗണിച്ചില്ല; ക്യാപ്റ്റനെ പ്രതിക്കൂട്ടിലാക്കി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st December 2024, 6:06 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ തോല്‍വി ചോദിച്ചുവാങ്ങിയിരിക്കുകയാണ്. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ 184 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1ന് മുമ്പിലാണ് ആതിഥേയര്‍.

സ്‌കോര്‍

ഓസ്‌ട്രേലിയ: 474 & 234

ഇന്ത്യ: 369 & 155 (T: 340)

ഈ പരാജയത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ടീമിന്റെ താത്പര്യങ്ങളെ മാറ്റി നിര്‍ത്തി മെല്‍ബണില്‍ രോഹിത് ശര്‍മ സ്വന്തം ഇഷ്ടം മാത്രമാണ് പരിഗണിച്ചതെന്നായിരുന്നു ആകാശ് ചോപ്രയുടെ വിമര്‍ശനം. യുവതാരം ശുഭ്മന്‍ ഗില്ലിനെ ബെഞ്ചിലിരുത്തിയ തീരുമാനത്തെയും ചോപ്ര ചോദ്യം ചെയ്തു.

തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യമായി രോഹിത് ശര്‍മ സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുത്തു. അതൊരിക്കലും ടീമിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതായിരുന്നില്ല. ഇത് ടീമിന്റെ താത്പര്യത്തോടെയല്ല എന്ന് സത്യസന്ധമായി പറയാം, കാരണം ഓപ്പണിങ്ങില്‍ രാഹുല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

2023ല്‍ ശുഭ്മന്‍ ഗില്ലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റണ്‍വേട്ടക്കാരില്‍ അവന്‍ രണ്ടാം സ്ഥാനത്തായിരുന്നു. മോശം സാഹചര്യങ്ങളിലും അവന്‍ കളിച്ചിട്ടുണ്ട്. അഡ്‌ലെയ്ഡിലും അവന്‍ മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. പക്ഷേ, അവനെ ടീമില്‍ നിന്നും ഒഴിവാക്കി.

ടീമിനെ കുറിച്ച് ചിന്തിക്കാതെ രോഹിത് തന്നെ കുറിച്ച് മാത്രം പരിഗണിച്ചതാണ് ഇതിനെല്ലാം കാരണമായത്, അതും ക്യാപ്റ്റന്‍സി കരിയറില്‍ ആദ്യമായി. എന്നാല്‍ ഈ തീരുമാനം അവന് അനുകൂലമായില്ല. മത്സരം സമനിലയിലെത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല,’ ആകാശ് ചോപ്ര പറഞ്ഞു.

സിഡ്‌നിയില്‍ നടക്കുന്ന നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ രോഹിത് ശര്‍മയെ പുറത്തിരുത്തണമെന്നും പകരം ഗില്‍ ടീമിന്റെ ഭാഗമാകണമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

മെല്‍ബണില്‍ നടന്ന മത്സരത്തിലാണ് രോഹിത് ഓപ്പണറുടെ റോളിലേക്ക് മടങ്ങിയെത്തിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ മത്സരം നഷ്ടപ്പെടുത്തിയ രോഹിത് അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലാണ് ടീമിന്റെ ഭാഗമായത്. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ജെയ്‌സ്വാള്‍ – രാഹുല്‍ കൂട്ടുകെട്ടിനെ അലോസരപ്പെടുത്താതെ താരം ആറാം നമ്പറില്‍ ബാറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചില്ല.

അഡ്‌ലെയ്ഡിലെ ആദ്യ ഇന്നിങ്‌സില്‍ 23 പന്ത് നേരിട്ട രോഹിത് വെറും മൂന്ന് റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സിലാകട്ടെ ആറ് റണ്‍സും. സമനിലയില്‍ അവസാനിച്ച ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിലും ആറാം നമ്പറിലാണ് രോഹിത് കളത്തിലിറങ്ങിയത്. 27 പന്ത് നേരിട്ട താരം പത്ത് റണ്‍സ് നേടി. ഈ പരമ്പരയില്‍ താരത്തിന്റെ ഏക ഡബിള്‍ ഡിജിറ്റ് സ്‌കോറാണിത്.

 

ആറാം നമ്പറില്‍ പരാജയമായ രോഹിത് മെല്‍ബണില്‍ ഓപ്പണറായി ഇറങ്ങി. ജെയ്‌സ്വാള്‍ – രാഹുല്‍ കൂട്ടുകെട്ട് തകര്‍ത്തതല്ലാതെ കാര്യമായി ഒന്നും ചെയ്യാന്‍ താരത്തിന് സാധിച്ചില്ല. അഞ്ച് പന്തില്‍ മൂന്ന് റണ്‍സടിച്ച് താരം മടങ്ങി. രണ്ടാം ഇന്നിങ്‌സില്‍ 40 പന്ത് നേരിട്ടെങ്കിലും ഡബിള്‍ ഡിജിറ്റ് സ്‌കോറിനോട് അലര്‍ജിയാണെന്ന മട്ടില്‍ ഒമ്പത് റണ്‍സടിച്ചാണ് രോഹിത് പുറത്തായത്.

രോഹിത് ടീമിന്റെ ഭാഗമല്ലാതിരുന്ന ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചത് എന്നതും ശ്രദ്ധേയമാണ്. സിഡ്‌നി ടെസ്റ്റില്‍ സെലക്ടര്‍മാര്‍ നിര്‍ണായകമായ തീരുമാനമെടുക്കുമോ എന്നത് കണ്ടുതന്നെ അറിയണം.

 

Content highlight: Former Indian player Akash Chopra slams Rohit Sharma