വന്‍ വില നല്‍കി ഇഷാന്‍ കിഷനെ ടീമിന്റെ ഭാഗമാക്കിയത് മുംബൈ ഇന്ത്യന്‍സിനെ പ്രതികൂലമായി ബാധിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. 15.25 കോടി രൂപ ഒരു താരത്തിന് വേണ്ടി മാത്രം മുടക്കിയത് ടീമിന്റെ ആകെ ബാലസിനെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
മെഗാ ലേലത്തില്‍ ഇഷാന് വേണ്ടി ഇത്രയും തുക മുടക്കുന്നതിന് മുമ്പ് ടീം ഒന്നുകൂടി ആലോചിക്കണമായിരുന്നുവെന്നും ഇതുകാരണം ടീമിന്റെ ഓവര്‍ ഓള്‍ ക്വാളിറ്റിയെ കോംപ്രമൈസ് ചെയ്യുന്ന നിലപാടായിരുന്നു മാനേജ്മന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.
‘2022ലെ മുംബൈ സ്‌ക്വാഡിനെ പരിശോധിക്കുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് വ്യക്തമാവുന്നത്. അതില്‍ ഒന്നാമത്തേത്, 15.25 കോടി മുടക്കി ഒരു താരത്തെ ടീമിലെത്തിച്ചത് ടീമിന്റെ സന്തുലിതാവസ്ഥയെ കാര്യമായി തന്നെ ബാധിച്ചിരിക്കണം. അക്കാര്യം മാനേജ്‌മെന്റ് പുനര്‍വിചിന്തനം നടത്തണം.
രണ്ടാമത്, ജോഫ്രാ ആര്‍ച്ചറിനെ ടീമില്‍ എടുത്തതാണ്. ആര്‍ച്ചറിന് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാവാന്‍ സാധിക്കില്ല. അടുത്ത വര്‍ഷം മാത്രമാണ് ആര്‍ച്ചര്‍ ടീമിനൊപ്പം ഉണ്ടാവുക.
ആര്‍ച്ചര്‍ ടീമിലെത്തുന്നതോടെ ടീമിന്റെ ബൗളിംഗ് നിര കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നുറപ്പാണ്. എന്നാല്‍ ഈ സീസണില്‍ ടീമിന്റെ ബൗളിംഗ് നിരയുടെ കരുത്ത് കുറവാണ്,’ താരം പറയുന്നു.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റായിരുന്നു മുംബൈ തുടങ്ങിയത്. ആദ്യ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനോടും രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടുമായിരുന്നു മുംബൈ പരാജയപ്പെട്ടത്.
കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള മത്സരത്തില്‍ വിജയം നേടി പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറക്കാനാണ് മുംബെ ശ്രമിക്കുന്നത്. അതേസമയം, തങ്ങളുടെ മൂന്നാം ജയമാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം.