'ലോകകപ്പില്‍ യൂസ്വേന്ദ്ര ചഹല്‍ മാത്രം വിക്കറ്റ് നേടും, മറ്റുള്ളവരെക്കൊണ്ടാവില്ല'
Sports News
'ലോകകപ്പില്‍ യൂസ്വേന്ദ്ര ചഹല്‍ മാത്രം വിക്കറ്റ് നേടും, മറ്റുള്ളവരെക്കൊണ്ടാവില്ല'
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th September 2022, 8:33 pm

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇന്ത്യ പടയൊരുക്കം നടത്തിയിരിക്കുകയാണ്. ഏഷ്യാ കപ്പിലെ സ്‌ക്വാഡില്‍ നിന്നും കാര്യമായി ഒരു മാറ്റവും നടത്താതെയാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്റ്റാര്‍ ഓള്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായപ്പോള്‍ പരിക്കില്‍ നിന്നും മുക്തനായ ജസ്പ്രീത് ബുംറ ടീമിലേക്ക് മടങ്ങിയെത്തി എന്നതാണ് പ്രധാനമായ മാറ്റം. ജഡേജയുടെ അഭാവം ടീമിന്റെ ഘടനയെ തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്.

സ്പിന്‍ നിരയില്‍ പകരം വെക്കാനില്ലാത്ത ബൗളറായ ജഡേജയില്ലാത്തത് കാര്യമായി തന്നെ ബൗളിങ്ങില്‍ ക്ഷീണമാകും. സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ടീമിന്റെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റിനെതിരെ കാര്യമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

ഓസ്‌ട്രേലിന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ പ്രധാന ഘടകമാവുമെന്നിരിക്കെ ഇന്ത്യന്‍ സ്പിന്‍ നിരയില്‍ യൂസ്വേന്ദ്ര ചഹല്‍ മാത്രമേ വിക്കറ്റ് നേടുകയുള്ളൂവെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ചഹലിന് പുറമെ അക്‌സര്‍ പട്ടേലും ആര്‍. അശ്വിനുമാണ് ഇന്ത്യന്‍ സ്‌ക്വാഡിലെ മറ്റ് സ്പിന്നര്‍മാര്‍.

ചഹലിന് പുറമെ ടീമിലുള്ള മറ്റ് രണ്ട് സ്പിന്നര്‍മാരും ഡിഫന്‍സീവ് ബൗളര്‍മാര്‍ ആണെന്നും സ്പിന്‍ ഡിപ്പര്‍ട്‌മെന്റില്‍ ചഹലിന് മാത്രമേ വിക്കറ്റ് നേടാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ചോപ്ര ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഓഫ് സ്പിന്നര്‍, ഒരു ലെഗ് സ്പിന്നര്‍, ഒരു ഇടംകയ്യന്‍ സ്പിന്നര്‍. അതായാത് നിങ്ങള്‍ക്ക് മൂന്ന് വ്യത്യസ്ത തരത്തിലുള്ളബൗളര്‍മാരാണുള്ളത്. എന്നാല്‍ ചഹല്‍ മാത്രമാണ് ടി-20യില്‍ വിക്കറ്റ് വീഴ്ത്താനുള്ള ഓപ്ഷന്‍,’ ചോപ്ര പറഞ്ഞു.

‘മറ്റ് രണ്ട് പേരും ഡിഫന്‍സീവ് ഓപ്ഷനുകളാണ്. അവരുടെ പ്രകടനവും നമ്പേഴ്‌സും 2022 ഐ.പി.എല്‍ നോക്കിയാല്‍ മനസിലാവും,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

 

റിസര്‍വ് താരങ്ങളായ രവി ബിഷ്‌ണോയിയെയും കുല്‍ദീപ് യാദവിനെയും ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്നും ചോപ്ര പറഞ്ഞു.

നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്‍ ഓപ്ഷനാണ് ചഹല്‍. എന്നാല്‍ ഏഷ്യാ കപ്പില്‍ മികച്ച പ്രകടനമല്ല താരം പുറത്തെടുത്തത്.

ടൂര്‍ണമെന്റില്‍ 7.93 എക്കോണമിയില്‍ പന്തെറിഞ്ഞ ചഹല്‍ ആകെ നാല് വിക്കറ്റുകള്‍ മാത്രമാണ് സ്വന്തമാക്കിയത്.

 

content highlight: Former Indian player Akash Chopra said that Yuzvendra Chahal is the only one who is likely to take wickets as the other bowlers are defensive.